വലയിൽ കുടുങ്ങി പിന്നാലെ വീട്ടിലെ പൂച്ച കടിച്ച് കീറി, അവശനിലയിലായ മൂർഖന് രക്ഷകയായി ഉഷ

തിരൂർ: വലയിൽ കുടുങ്ങിയ മൂർഖനെ കടിച്ചു ചീന്തി പൂച്ച. ഒടുവിൽ മൂർഖന് രക്ഷകയായി ഉഷ. മലപ്പുറം തിരൂരിലാണ് സംഭവം. ഇന്നലെ രാവിലെയാണ് വനംവകുപ്പിന്റെ സ്നേക്ക് റസ്ക്യൂവറായ ഉഷയെ തിരുനാവായയിൽ നിന്ന് നാട്ടുകാർ ബന്ധപ്പെടുന്നത്. സൌത്ത് പല്ലാറിൽ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു മൂർഖൻ പാമ്പ്. ഇതിന് പുറമേ സമീപത്തെ വീട്ടിലെ പൂച്ചയുടെ ആക്രമണത്തിൽ ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു മൂർഖനുണ്ടായിരുന്നത്. പാലപ്പറമ്പിൽ ജിജിഷ് എന്നയാളുടെ വീട്ടിൽ നിന്നാണ് മൂർഖൻ വലയിൽ കുടുങ്ങിയത്.
ചത്തു പോവുമെന്നും കുഴിച്ചിടാമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടതോടെ ചത്തിട്ടില്ലെന്നും സാധിച്ചാൽ രക്ഷിക്കാമെന്നും ടി പി ഉഷ പ്രതികരിച്ചത്. പിന്നാലെ പാമ്പുമായി ഉഷ തലക്കാട് മൃഗാശുപത്രിയിൽ എത്തി. എന്നാൽ പരിമിതമായ ചികിത്സാ സൌകര്യങ്ങളുള്ള ഇവിടെ വച്ച് വിഷ പാമ്പിനെ ചികിത്സിക്കുന്നതിലെ വെല്ലുവിളി തിരിച്ചറിഞ്ഞതോടെ ഉഷ മൂർഖനെ തിരൂർ മൃഗാശുപത്രിയിലേക്ക് എത്തുകയായിരുന്നു.