വീട്ടിൽ പ്രസവം നടന്നതിനാൽ ജനന സർട്ടിഫിക്കറ്റ് തരുന്നില്ലെന്ന് ദമ്പതിമാർ, പ്രസവം അറിയിച്ചില്ലെന്ന് ഉദ്യോഗസ്ഥർ

കോഴിക്കോട്: വീട്ടിൽ പ്രസവം നടന്ന പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നൽകിയത്. കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്. നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്ന് ഷറാഫത്ത് പറഞ്ഞു. അക്യുപങ്ചർ പഠിച്ചിട്ടുണ്ട്. മരുന്ന് കഴിക്കുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.
കോഴിക്കോട്ടെ താമസ സ്ഥലത്ത് എത്തിയിട്ട് രണ്ട് വർഷമായിട്ടൊള്ളു. തൊട്ടടുത്ത ആളുകളെ മാത്രാണ് പരിചയം. ആശാ വർക്കർമാരോയ അംഗൻവാടി പ്രവർത്തകരെയോ അറിയില്ല. കോഴിക്കോട് ഇഖ്ര ആശുപ്രതിയിലാണ് ഭാര്യയെ കാണിച്ചിരുന്നത്. ഇതിന്‍റെ രേഖകൾ കൈവശമുണ്ടെന്ന് ഷറാഫത്ത് പറഞ്ഞു. ഒക്ടോബർ 28 ആയിരുന്നു ഡേറ്റ് തന്നത്. പ്രസവ വേദന വരുമ്പോൾ ആശുപത്രിയിൽ പോകാമെന്ന് കരുതി. അതുകൊണ്ട് 28ന് ആശുപത്രിയിൽ പോയില്ല . പ്രസവത്തിന് ആശുപത്രിയിൽ ചെല്ലാൻ പറഞ്ഞ തീയതി പോകാഞ്ഞത് മരുന്ന് നൽകി പ്രസവം നടത്തും എന്നതിനാലാണ്. അതിന് തങ്ങൾക്ക് താൽപ്പര്യമില്ലായിരുന്നുവെന്ന് ദമ്പതിമാർ പറയുന്നു.