ലൈസൻസ് ഇല്ല, കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ച വീട്ടിൽ നിന്ന് നായകളെ ഒഴിപ്പിക്കും

കുന്നത്തുനാട്: എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ച വീട്ടിൽ നിന്ന് നായകളെ ഒഴിപ്പിക്കും. ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല എന്ന് ജില്ലാ ഭരണകൂടം വിശദമാക്കി. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ സ്ഥലം സന്ദർശിക്കും. വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. എന്നാൽ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്ന് വീണ അവകാശപ്പെടുന്നത്.
കുന്നത്തുനാട്ടിൽ ജനവാസ മേഖലയിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാർ ഇന്നും പ്രതിഷേധവുമായി എത്തി. നായകളെ ഉടൻ മാറ്റണം എന്നും സംഭവത്തിൽ കളക്ടർ ഇടപെടണമെന്നുമാണ് അയൽവാസികളായ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ആവശ്യപ്പെടുന്നത്. ഇന്ന് നായകൾക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറയ്ക്കുകയും ചെയ്തിരുന്നു.