റാന്നിയിൽ കിണർ വൃത്തിയാക്കാനിറങ്ങി, ഓക്ജിസൻ കിട്ടിയില്ല, ചൂടും; 63 കാരൻ ബോധരഹിതനായി വീണു, രക്ഷകരായി ഫയർഫോഴ്സ്

റാന്നി: പത്തനംതിട്ട ജില്ലയില റാന്നി കീക്കൊഴൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത നുഭവപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായ തൊഴിലാളി കിണറ്റിൽ കുടുങ്ങി. കീകൊഴുർ പാലച്ചുവട് കാലാപ്പുറത്ത് വീട്ടിൽ രവി(63)യാണ് കിണറിൽ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ റാന്നി യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് രവിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
കടുത്ത ചൂടും കിണറ്റിൽ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് രവി ജോലിക്കിടെ കുഴഞ്ഞുവീണതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവിന്റെ നേതൃത്വത്തിൽ എത്തിയ ടീം ഉടനെ തന്നെ കിണറ്റിലിറങ്ങി രവിയെ സാഹസികമായി കരയിലേക്കെത്തിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് ആണ് കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി രവിയെ കരക്കെത്തിച്ചത്. പിന്നീട് ഇയാളെ ഉടൻ തന്നെ റാന്നി ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ മഞ്ഞ അലർട്ടാണുള്ളത്.