ഗോവയിൽ നിന്ന് മൈദയുമായി വരുന്ന ലോറി, രഹസ്യ വിവരം കിട്ടി മലപ്പുറത്ത് പരിശോധന; 10,430 ലിറ്റർ സ്പിരിറ്റ് പിടികൂടി

താനൂർ: മലപ്പുറത്ത് ലോറിയിൽ കടത്തിക്കൊണ്ട് വന്ന 10,430 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. 300 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിക്കൊണ്ട് വന്നത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും എക്സൈസ് എൻഫോഴ്‌സ്‌മെന്റ് അഡീഷണൽ കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് പാർട്ടിയും തിരൂർ എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയത്.
തൃശ്ശൂർ സ്വദേശികളായ സജീവ് (42), മനോജ് (46) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം താനൂർ പുത്തൻതെരുവിലാണ് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയത്. കാനുകളിൽ സ്പിരിറ്റ് നിറച്ച് അടുക്കിവെച്ച ശേഷം അതിന് പുറത്ത് മൈദയുടെ ചാക്കുകൾ നിരത്തിയാണ് ലോറി എത്തിയത്. പുറത്തു നിന്ന് നോക്കുമ്പോൾ മൈദയുമായി പോകുന്ന ലോറിയാണെന്ന് മാത്രമേ തോന്നുകയുണ്ടായിരുന്നുള്ളൂ. എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗോവയിൽ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു ലോഡ് എന്നാണ് ഇവർ നൽകിയ വിവരം. അതിനപ്പുറം ഇവർക്ക് മറ്റ് വിവരങ്ങൾ അറിയില്ല. തൃശ്ശൂരിൽ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ ആർക്കാണ് സ്പിരിറ്റ് കൈമാറുന്നതെന്നതോ ഇവർക്ക് അറിയില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.