ആണവ മാലിന്യത്തിൽ നിന്ന് വൈദ്യുതി; വര്‍ഷങ്ങളോളം ചാര്‍ജ് തീരാത്ത ബാറ്ററി വികസിപ്പിച്ചു

ഒഹായോ: ശാസ്ത്രലോകത്ത് വീണ്ടും ആവേശമുണർത്തുന്ന ഒരു കണ്ടുപിടിത്തം. ആണവ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പുതിയ ബാറ്ററിയാണ് സംഭവം! ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ അദ്ഭുതകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഈ പുത്തന്‍ ബാറ്ററിയെ കുറിച്ച് ഗവേഷകര്‍ വിശദീകരിച്ചു. ഏറെക്കാലം ചാര്‍ജ് നില്‍ക്കുന്നതും അറ്റകുറ്റപ്പണികള്‍ വളരെ കുറവ് മാത്രം ആവശ്യമുള്ളതുമായ ഈ ബാറ്ററി സുരക്ഷിതമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. ബാറ്ററിയെ കുറിച്ചുള്ള പഠനം Optical Materials: X ജേണല്‍ പ്രസിദ്ധീകരിച്ചു.
ബാറ്ററിയുടെ പ്രവര്‍ത്തനം
ആണവ മാലിന്യം ഉപയോഗിച്ച് ബാറ്ററി പ്രവർത്തിക്കുന്ന രീതി വിശദമായി പരിശോധിക്കാം. Scintillator ക്രിസ്റ്റലുകളും സോളാർ സെല്ലുകളും ചേർത്താണ് ഈ ബാറ്ററി നിർമ്മിച്ചിരിക്കുന്നത്. ആണവ മാലിന്യങ്ങൾ പുറന്തള്ളുന്ന ഗാമ കിരണങ്ങളെ സ്‌കിന്‍റിലേറ്റർ ക്രിസ്റ്റലുകൾ പ്രകാശമായി മാറ്റും. പിന്നീട്, ആ പ്രകാശം സോളാർ സെല്ലുകൾ ഉപയോഗിച്ച് വൈദ്യുതിയിലേക്കു പരിവർത്തനം ചെയ്യും. പരീക്ഷണങ്ങൾക്കായി ഗവേഷകർ Cesium-137, cobalt-60 എന്നീ റേഡിയോആക്റ്റീവ് മൂലകങ്ങളാണ് ഉപയോഗിച്ചത്. Cesium-137 ഉപയോഗിച്ചപ്പോൾ 288 nanowatt വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും, കോബാൾട്ട്-60 ഉപയോഗിച്ചപ്പോൾ 1.5 microwatts വൈദ്യുതി ലഭിക്കുകയും ചെയ്തു.
മാലിന്യത്തെ നിധിയാക്കി മാറ്റുന്ന ഗവേഷണം
“മാലിന്യമെന്ന് കരുതുന്ന ഒന്നിനെ ഞങ്ങൾ നിധിയാക്കി മാറ്റിയിരിക്കുന്നു,” എന്നാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ന്യൂക്ലിയര്‍ റിയാക്ടര്‍ ലാബ് ഡയറക്ടർ റേയ്‌മണ്ട് കോ ഈ കണ്ടുപിടിത്തത്തെ വിശേഷിപ്പിച്ചത്. വലിയ അളവിലുള്ള ക്രിസ്റ്റലുകൾക്ക് കൂടുതൽ കിരണങ്ങൾ ആഗിരണം ചെയ്ത് അധിക ഊർജം ഉണ്ടാക്കാൻ കഴിയും, ഇതോടെ, സോളാർ സെല്ലുകളുടെ വൈദ്യുതി ഉൽപ്പാദനക്ഷമതയും വർധിക്കും എന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
ആരോഗ്യപ്രശ്നങ്ങളിലെന്ന് ഗവേഷകര്‍
റേഡിയോ ആക്‌ടീവ് പദാർഥങ്ങൾ ഉൾപ്പെടാത്തതിനാൽ ഈ ബാറ്ററി സ്പർശിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എങ്കിലും, ഈ ബാറ്ററികൾ പൊതുജനങ്ങൾക്ക് അപ്രാപ്യമായ ഇടങ്ങളിലാണ് പ്രധാനമായും ഉപയോഗിക്കുക. ആഴക്കടൽ പര്യവേക്ഷണം, ബഹിരാകാശ ഗവേഷണം, ആണവ മാലിന്യ സംഭരണക്കുളങ്ങൾ എന്നീ ഇടങ്ങളിലാവും ആണവ മാലിന്യത്തില്‍ നിന്നുള്ള ബാറ്ററികള്‍ ഉപയോഗിക്കാനാവുക. ദീർഘകാലം ചാര്‍ജ് നിലനില്‍ക്കുന്ന ഈ ബാറ്ററിക്ക് പരിസ്ഥിതി മലിനീകരണമില്ലാതെ സ്ഥിരതയോടെ വൈദ്യുതി നൽകാന്‍ കഴിയും എന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു.