Uncategorized

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

വെഞ്ഞാറമൂട്: കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക സെല്ലിൽ ചികിത്സയിൽ കഴിയുന്ന അഫാനെ ചൊവ്വാഴ്ചയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജയിലിൽ കഴിയുന്ന പ്രതിയെ കോടതിയിൽ എത്തിച്ചശേഷമാകും പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. വിശദമായ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കുമെന്നാണ് സൂചന.

അതേസമയം, അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോ​ഗസ്ഥരേയും നിയോ​ഗിച്ചിട്ടുണ്ട്.

ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നുമാണ് അഫാൻ ജയിലുദ്യോ​ഗസ്ഥരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്. ഉമ്മ ജീവനോടെയുണ്ടെന്ന വിവരം രണ്ട് ദിവസം മുമ്പാണ് അറിഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടം ഉമ്മയേയും അനുജനേയും പെൺസുഹൃത്തിനേയുമായിരുന്നു. ഇവരില്ലാതെ തനിക്കോ താനില്ലാതെ അവർക്കോ ജീവിക്കാനാകില്ലെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞിരുന്നു.

സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൊലപ്പെടുത്താനുള്ള കാരണമായി അഫാൻ ആവർത്തിച്ചത്. വായ്പയുടെ പലിശ പ്രതിദിനം പതിനായിരം രൂപയിലേക്കെത്തിയതോടെ ഇനി എന്ത് എന്ന് അറിയാതെ വന്നുവെന്നും ഇതോടെയാണ് കുടുംബത്തോടൊപ്പം ജീവനൊടുക്കാമെന്ന് തീരുമാനിച്ചതെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് നടക്കാതെ വന്നതോടെ കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും അഫാൻ പറഞ്ഞിരുന്നു.

ഫെബ്രുവരി 24-ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ.

ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിഞ്ഞശേഷമാണ് അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button