ക്വാറി വിരുദ്ധസമരം: 15കാരനോട് പൊലീസ് അതിക്രമം, കോളറിന് പിടിച്ച് വലിച്ച് പൊലീസ് വാനിലേക്ക് കയറ്റുന്ന ദൃശ്യങ്ങൾ

കോഴിക്കോട്: കീഴപ്പയ്യൂർ പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിന്‍റെ പേരില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി. സമര സ്ഥലത്ത് നിന്ന് കുട്ടിയുടെ കോളറിന് പിടിച്ച് പൊലീസ് വാനിലേക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. മേപ്പയ്യൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മേപ്പയ്യൂർ പൊലീസിന്റെ അതിക്രമത്തിന് ഇരയായത്.
പൊലീസ് വാനിലേക്ക് കൊണ്ടു പോകും വഴി കുട്ടിയെ പൊലീസ് മര്‍ദ്ദിച്ചതായാണ് പരാതി. സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചപ്പോഴാണ് പൊലീസ് കുട്ടിയെ വിട്ടയച്ചത്. ഇന്നലെയാണ് സംഭവമുണ്ടായത്.
നാഭിയിലും ശരീരം മുഴുവനും വേദനയുണ്ടെന്ന് കുട്ടി പറഞ്ഞതായി പിതാവ് വിശദീകരിച്ചു. ഇന്ന് പത്താം ക്ളാസ് പരീക്ഷ എഴുതിയ ശേഷം കുട്ടി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുമെന്ന് പിതാവ് പറഞ്ഞു.2012 മുതൽ ക്വാറിക്കെതിരെ സമം നടക്കുന്ന പ്രദേശമാണ് കീഴപ്പയ്യൂരിലെ പുറക്കാമല. കാലങ്ങളായി പ്രദേശത്ത് പ്രതിഷേധമുണ്ടായിട്ടുണ്ട്. ക്വാറി നടത്തിപ്പിന് സംരക്ഷണം നൽകാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേപ്പയ്യൂർ എസ് ഐ അടക്കം പൊലീസ് സ്ഥലത്തെത്തിയതെന്നാണ് വിവരം.