‘മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ താങ്ങിപ്പിടിച്ച കൂട്ടുകാരൻ’; ഏഴാറ്റുമുഖംഗണപതിക്ക് കാലിന് പരിക്ക്, ചികിത്സിക്കും

തൃശ്ശൂർ: അതിരപ്പിള്ളിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന് ചികിത്സ നൽകാൻ വനംവകുപ്പ്. നിലവിൽ ആനയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. എന്നാൽ ചികിത്സയുമായി മുന്നോട്ടു പോകാനാണ് ശുപാർശ. നേരിയ പരിക്ക് ആണെന്നും നിരീക്ഷണം തുടർന്നാൽ മതിയെന്നും റിപ്പോർട്ടിലുണ്ട്.
ആവശ്യമെങ്കിൽ മയക്കു വെടി വെച്ച് പിടികൂടി ചികിത്സിക്കാൻ ആണ് തീരുമാനം. സെൻട്രൽ സർക്കിൾ സി സി എഫിന്റെ നിർദ്ദേശപ്രകാരം മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. അഞ്ചിലധികം കൊമ്പൻമാർക്കൊപ്പമാണ് ഏഴാറ്റുമുഖം ഗണപതി ഇപ്പോഴുള്ളത്.
രണ്ടു ദിവസമായി ആനമുടന്തിയാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. ആനയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഡോക്ടര്‍ ബിനോയ് സന്ദശിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിരുന്നു. ഡോക്ടര്‍ ബിനോയിയെ കൂടാതെ ഡോക്ടര്‍ മിഥുന്‍, ഡോക്ടര്‍ ഡേവിഡ് എന്നിവരാണ് സംഘത്തിലുള്ളത്. മസ്തകത്തിൽ പരിക്കേറ്റ ആനയെ മയക്കുവെടി വച്ച് പിടിക്കുന്നതിനിടെ തോഴനായി കവചം തീര്‍ത്തുനിന്ന ആനയാണ് ഏഴാറ്റുമുഖം ഗണപതി.