കേരളത്തിലെ വ്യാപാരിയെ വെർച്വൽ അറസ്റ്റ് ചെയ്ത് തട്ടിയത് 61 ലക്ഷം രൂപ; യുപി സ്വദേശിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി

ചേർത്തല: വെർച്ച്വൽ അറസ്റ്റിലൂടെ ചേർത്തലയിലെ വ്യാപാരിയിൽ നിന്നും 61 ലക്ഷം തട്ടിയ കേസിൽ പിടിയിലായ ഒരാളെ രണ്ട് ദിവത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സഹിലിനെ (27) യാണ് ചേർത്തല ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ ആമിനക്കുട്ടിയുടെ മുമ്പാകെ ഹാജരാക്കി പൊലീസ് രണ്ട് ദിവസത്തേയ്ക്ക് കൂടി കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ 25ന് മുഹമ്മദ് സഹിലിനെയും മറ്റൊരു പ്രതിയായ ശുഭം ശ്രീവാസ്‌തവ(30) യെയും ഉത്തർപ്രദേശിൽ നിന്നും ചേർത്തല പൊലീസ് പിടികൂടുകയായിരുന്നു. ശുഭം ശ്രീവാസ്‌തവയെ 27ന് തിരിച്ച് ഉത്തർപ്രദേശ് കോടതിയിലേയ്ക്ക് അയച്ചിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പൊലീസ് സ്റ്റേഷനിലേയും ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചേർത്തല മുട്ടത്തങ്ങാടിയിലെ വ്യാപാരിയെ വാട്‌സ്ആപ്പ് കോളിലൂടെ വെർച്ചൽ അറസ്റ്റ് ചെയ്‌തതായി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് 61.40 ലക്ഷം രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിയെടുത്തു.
വ്യാപാരിയുടെ മൊബൈൽ ഫോൺ നമ്പർ അന്തർ സംസ്ഥാനങ്ങളിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ രീതി. വ്യാപാരി ചേർത്തല പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലു പേരെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഡൽഹി, ഉത്തർപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉത്തർപ്രദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തത്. ചേർത്തല സർക്കിൾ ഇൻസ്പെക്ടർ ജി അരുണിന്റ നേതൃത്വത്തിലായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.