വടക്കാഞ്ചേരി കുമ്മായചിറയുടെ കൈവരികൾ തകന്നു, നടപ്പാതയിൽ കുഴിയും; സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ

തൃശൂർ: വടക്കാഞ്ചേരി – വാഴാനി – കേച്ചേരി പുഴയുടെ വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപത്തെ കുമ്മായ ചിറയുടെ കൈവരികൾ തകന്നു. ചിറയിൽ വെള്ളം നിറയുമ്പോൾ അധികം വരുന്ന വെള്ളം ഒഴുകുന്നതിനുള്ള കരിങ്കൽക്കെട്ട് ഇടിഞ്ഞു തുടങ്ങി. പുഴയ്ക്കും, മറു കഴയ്ക്കും മധ്യത്തിലുള്ള നടപ്പാത താഴ്ന്നു വലിയൊരു കുഴി രൂപപ്പെട്ടതിനാൽ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. 68 വർഷം മുൻപ് ടൗണിലെ കുമരനെല്ലൂർ, വടക്കാഞ്ചേരി വില്ലേജുകളിലെ ഹെക്ടർ കണക്കിനു നെൽപാടങ്ങളിൽ മുണ്ടകൻ കൃഷിയ്ക്കു ജലസേചനത്തിനു വേണ്ടിയാണ് ചിറകെട്ടിയത്. പുഴയിൽ കരിങ്കൽ തൂണുകളും അതിനു മുകളിൽ കോൺക്രീറ്റ് ബീമുകളും കൈവരിയും നിർമ്മിച്ചു. ഡിസംബറിൽ പലകകൾ ഇറക്കി ഉൾവശം മണ്ണ് നിറച്ച് വെള്ളം കെട്ടിനിറുത്തുകയാണ് ചെയ്യുന്നത്.
ചിറ്റണ്ട, കുണ്ടന്നൂർ, കാഞ്ഞിരക്കോട് കൊടുമ്പ് കുമരനെല്ലൂർ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വടക്കാഞ്ചേരി ഗവ. ബോയ്സ്, ഗേൾസ് സ്കൂളുകളിലെക്കു നടന്നുവന്നിരുന്നത് കുമ്മായ ചിറയ്ക്കു മുകളിലുടെയായിരുന്നു. ഇപ്പോൾ ഓട്ടുപാറയിൽ നിന്നു ഗ്രൗണ്ടിലെക്കും സമീപ പ്രദേശത്തേക്കും വരുന്നവരും പോകുന്നവരുമാണ് ഇതുവഴി സഞ്ചരിയ്ക്കുന്നത്. തകർന്ന കൈവരികൾ അറ്റകുറ്റപണികൾ നടത്തി സഞ്ചാര സൗകര്യം ഒരുക്കണമെന്നു നാട്ടുകാർ ജലസേചന വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ഈ വർഷം ചിറയിൽ ചീർപ്പ് ഇട്ട് വെള്ളം കെട്ടി നിറുത്താത്തതിനാൽ പുഴയുടെ ഇരുകരകളോടും ചേർന്ന പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചിറ കെട്ടി വാഴാനിയിൽ നിന്നു വെള്ളം തുറന്നു വിടണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.