Uncategorized

ഡിടിപിസിയുടെ റസ്റ്റോറന്‍റ് നടത്താൻ 9 ലക്ഷം നൽകി, താക്കോൽ കിട്ടി; ശേഷം സംരംഭകയെ വഴിയാധാരമാക്കി ജില്ലാ ഭരണകൂടം

ഇടുക്കി: മുന്നറിയിപ്പില്ലാതെ റസ്റ്റോറന്‍റ് നടത്താനുള്ള കരാർ ഡിടിപിസി റദ്ദാക്കിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇടുക്കിയിലെ പട്ടിക വർഗക്കാരിയായ മേഴ്സിയെന്ന സംരംഭക. മാനദണ്ഡങ്ങൾ പാലിച്ച് വാടകയ്ക്കെടുത്ത പാറമാവിലെ ഡിടിപിസി ഹോട്ടലിന്‍റെ കരാറാണ് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഡിടിപിസി റദ്ദാക്കിയത്. റദ്ദാക്കിയതിനു പിന്നാലെ വീണ്ടും താൽപ്പര്യപത്രം ക്ഷണിച്ച നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മേഴ്സി.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഇടുക്കി പാറേമാവിൽ ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം റസ്റ്റോറന്‍റ് നടത്താൻ മേഴ്സി ക്വട്ടേഷൻ നൽകി വാടകയ്ക്കെടുത്തത്. ഉയർന്ന തുകയായ 7,42,500 രൂപയ്ക്കായിരുന്നു കരാ‌ർ. അന്നു തന്നെ 2,50,000 രൂപ നൽകി താൽക്കാലികമായി കരാർ ഉറപ്പിച്ചു. സെപ്റ്റംബർ പതിനാലാം തിയ്യതി ബാക്കി വാടകയും ജിഎസ്ടിയും സെക്യൂരിറ്റിയും ഉൾപ്പെടെ ഏഴു ലക്ഷത്തിലേറെ രൂപയും അടച്ചു. കരാർ എഴുതാനുള്ള മുദ്രപത്രവും ഡിടിപിസിക്ക് കൈമാറി. ഡിടിപിസി സെക്രട്ടറി താക്കോൽ കൈമാറിയതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി റസ്റ്റോറൻറ് തുറക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ ഇരുട്ടടി.

പലരിൽ നിന്നും കടം വാങ്ങിയും വായ്പയെടുത്തുമാണ് ഭീമമായ തുക മേഴ്സി നൽകിയത്. അടച്ച 9,76,150 രൂപ ഡിടിപിസി തിരികെ നൽകിയെങ്കിലും ലോണെടുത്ത തുകയ്ക്ക് ഭീമമായ പലിശ നൽകേണ്ട അവസ്ഥയിലാണിവർ. ഇതിനിടെയാണ് കെട്ടിടം വാടകക്ക് നൽകാൻ ഡിടിപിസി വീണ്ടും താൽപ്പര്യപത്രം ക്ഷണിച്ചത്. അതേസമയം പൊതു സ്വകാര്യ പങ്കാളിത്തത്തിൽ പണികൾ നടത്തി വിപുലമായ ക്രമീകരണങ്ങളോടെ റെസ്റ്റോറന്‍റും വിനോദ ഉപാധികളും ഏർപ്പെടുത്താനുള്ള തീരുമാനത്തെ തുടർന്നാണ് കരാർ റദ്ദാക്കിയതെന്നാണ് ഡിടിപിസിയുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button