Uncategorized

ഷഹബാസിന്റെ കൊലപാതകം; ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ, ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി

കോഴിക്കോട്: താമരശേരി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർത്ഥിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയി. പിന്നാലെ താമരശ്ശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്.

പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തെ സ്കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാല്‍ ജുവനൈല്‍ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. 12 മണിയോടെ പരീക്ഷ പൂര്‍ത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. പ്രതികള്‍ക്ക് ഇന്ന് തന്നെ പരീക്ഷയെഴുതാന്‍ അവസരമൊരുക്കിയത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഷഹബാസിന്‍റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, കേസ് അന്വേഷിക്കുന്ന താമരശേരി പൊലീസ് പ്രധാന പ്രതിയുടെ പിതാവിനെയും കേസില്‍ പ്രതി ചേര്‍ക്കാനാണ് തീരുമാനം. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് കൈമാറിയത് ഇയാളാണെന്ന നിഗമനത്തിലാണ് ഈ നീക്കം. ഇയാള്‍ താമരശേരി പെലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ പ്രതിയാണ്. ഇയാളുടെ ക്വട്ടേഷന്‍ രാഷ്ട്രീയ ബന്ധങ്ങളുടെ തെളിവും പുറത്ത് വന്നിരുന്നു. കേസിലെ പ്രതിയായ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പിതാവ് പൊലീസ് ഡ്രൈവറാണ്. ജില്ലയിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ഡ്രൈവറാണ് ഇയാളിപ്പോള്‍. പ്രധാന പ്രതി ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും കഴിഞ്ഞ വര്‍ഷം താമരശേരി സ്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നു. അന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന എട്ടാം ക്ലാസുകാരെ ആക്രമിക്കുകയും ഒരു വിദ്യാര്‍ത്ഥിനിക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button