ആശുപത്രി ബിൽ 68 ലക്ഷം, ഔട്ട് പാസ്സ് കാലാവധി തീരാൻ രണ്ട് മാസം കൂടി; നാട്ടിലെത്താൻ കനിവ് തേടി മഹേഷ്

മസ്കറ്: രണ്ടു വൃക്കകളും തകരാറിലായി ഒമാനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷ് കുമാറിന്‍റെ ജീവൻ നിലനിർത്താനും നാട്ടിലേക്കുള്ള മടക്കയാത്രക്കും സുമനസുകളുടെ കനിവ് തേടി മസ്‌കറ്റിലെ സാമൂഹിക പ്രവർത്തകർ. റൂവിയിലുള്ള ബദർ സമാ ആശുപത്രിയിൽ കഴിഞ്ഞ 2024 ഒക്ടോബർ മൂന്നിന് പ്രവേശിപ്പിച്ച കൊല്ലം സ്വദേശി മഹേഷിന്‍റ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതമായി തുടരുകയാണ്.
എട്ട് വർഷമായി വിസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകാൻ സാധിക്കാതെ ഒമാനിൽ കഴിഞ്ഞിരുന്ന മഹേഷിനെ ബദർ സമാ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചപ്പോൾ ആരോഗ്യ സ്ഥിതി വളരെ മോശമായ അവസ്ഥയിലായിരുന്നു. അടിയന്തരമായി ഡയാലിസിസിന് വിധേയമാക്കുകയും അനിവാര്യമായ തുടർ ചികിത്സ ആരംഭിച്ചുകൊണ്ടും ആശുപത്രിയിലെ നഫ്റോളജി വിഭാഗം അപകട നിലയിൽ നിന്നും മഹേഷിന്റെ ജീവൻ നിലനിർത്തുകയും ആരോഗ്യ നില ഒരു പരിധി രെ സംരക്ഷിക്കുകയും ചെ്തു. ക്രോണിക് കിഡ്‌നി ഡിസീസ് അഞ്ചാം ഘട്ടത്തിലും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വളരെ താഴ്ന്ന നിലയിലുമായിരുന്ന മഹേഷിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
തുടർച്ചയായ നൽകിയ ഡയാലിസിസിലൂടെയും മറ്റു ചികിത്സയിലൂടെയും ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. രണ്ട് മാസത്തെ ചികിത്സക്ക് ശേഷം (കഴിഞ്ഞ 2024) ഡിസംബർ മാസം പകുതി ആയപ്പോഴേക്കും മഹേഷിന് നാട്ടിലേക്ക് വീൽ ചെയറിൽ യാത്ര ചെയ്യാനുള്ള ആരോഗ്യത്തിലെത്തിച്ചേർന്നിരുന്നു. നെഫ്രോളജിസ്റ്റ് ഡോകട്ർ മാൻസ് മനോഹർ ജോണിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ആയിരുന്നു മഹേഷ് കുമാറിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നത്.ആരോഗ്യം തിരികെ ലഭിച്ച മഹേഷിനെ പിന്നീട് വാർഡിലേക്ക് മാറ്റുകയും വാർഡിലും മറ്റും സ്വന്തമായി നടക്കുകയും വാർഡിൽ ഉണ്ടായിരുന്നവരുമായി നന്നായി സംസാരിക്കുവാനും തുടങ്ങി. കൃത്രിമ ഓക്സിജൻ സഹായമില്ലാതെ ശ്വസിക്കുവാനും സ്വതന്ത്രമായി നടക്കുവാനും ജീവന് ഭീഷണിയായ ഗുരുതരമായ അവസ്ഥയിൽ നിന്ന് കരകയറുകയും ചെയ്തതായി ഡോകട്ർ മാൻസ് മനോഹർ പറഞ്ഞു. പക്ഷേ മഹേഷ് കുമാറിനെ വാർഡിലേക്ക് മാറ്റിയപ്പോൾ മഹേഷുമായി ഇടപഴകാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ മുറിയിൽ തനിച്ചാകുകയായിരുന്നു. നഴ്‌സുമാരും ആശുപത്രി ജീവനക്കാരും മാത്രമേ അദ്ദേഹത്തെ പരിചരിച്ചിരുന്നുള്ളൂ.ക്രമേണ മഹേഷിന്റെ മാനസികാരോഗ്യം വഷളായി. ഇപ്പോൾ അദ്ദേഹത്തിന്റെ മാനസികാരോഗ്യം അത്ര നല്ല നിലയിൽ അല്ല ഉള്ളെതെന്നും ഒപ്പം മഹേഷിന് ശ്വാസതടസ്സം അനുഭവപ്പെടുന്നതായും ഡോകടർ പറയുന്നു.
മഹേഷിനെ എത്രയും വേഗം ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്നും മഹേഷിന് ഇപ്പോൾ കുടുംബത്തിന്‍റെ പിന്തുണ അനിവാര്യമാണെന്നും ഡോകട്ർ മാൻസ് മനോഹർ എംബസ്സി അധികൃതരോടും സാമൂഹ്യ പ്രവർത്തകരോടും ആവശ്യപ്പെടുന്നുണ്ട്. അതിനായി എല്ലാ സുമനസ്സുകളും മുന്നോട്ട് വരണമെന്നും പ്രത്യേകിച്ച് ഇന്ത്യൻ എംബസ്സി അധികൃതർ മുന്നോട്ട് വന്ന് മഹേഷ് കുമാറിനെ സഹായിക്കണമെന്നും എത്രയും വേഗം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയണമെന്നും ഡോകട്ർ ആവശ്യപ്പെടുന്നു. മതിയായ യാത്ര രേഖകളില്ലാതെ കഴിഞ്ഞ എട്ട് വർഷമായി മഹേഷ് ഒമാനിൽ കുടുങ്ങി കിടക്കുമ്പോളാണ് ആരോഗ്യനില വഷളായത്. ഒക്ടോബർ മൂന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച മഹേഷ് കുമാറിന് , ഒക്ടോബര് 29 ആം തിയതി തന്നെ മസ്കറ്റ് ഇന്ത്യൻ എംബസ്സി ഔട്ട് പാസ്സ് / എമർജെൻസി സെർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തിരുന്നു.അടിയന്തര സർട്ടിഫിക്കറ്റ് 2025 ഏപ്രിൽ 28 വരെ സാധുവാണ്.
നാട്ടിലേക്കുള്ള മടക്ക യാത്രക്കും മറ്റു ആവശ്യങ്ങൾക്കും ചികിത്സക്കും വലിയ തുക ആവശ്യമായി വന്നിരുന്നതിനാൽ മഹേഷ് കുമാറിന്റെ വീട്ടിലേക്കുമുള്ള യാത്ര നീളുകയായിരുന്നു.
അതോടൊപ്പം നാട്ടിലേക്ക് മടങ്ങി എത്തുന്ന മഹേഷിനെ ആര് പരിചരിക്കുമെന്നും ആര് അവിടെ സ്വീകരിക്കുമെന്ന അവസ്ഥയും ചോദ്യങ്ങളും ഉയർന്നു വന്നത് മഹേഷ് കുമാറിന്റെ വിഷയത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. മഹേഷിന്റെ ആവശ്യങ്ങൾ നിരന്തമായി മസ്കറ്റ് ഇന്ത്യൻ എംബസ്സിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും, സാമ്പത്തികമായി ഒരു സഹായവും എംബസ്സിയുടെ ഭാഗത്ത് നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല എന്ന് സാമൂഹ്യ പ്രവർത്തകർ ആരോപിക്കുന്നു.
2024 ഒക്ടോബർ മൂന്നാം തിയതി മുതൽ, 2025 ഫെബ്രുവരി 27 വരെ,മഹേഷ് കുമാറിന്റെ ആശുപത്രി ബിൽ ഏകദേശം 30,00.000 ഒമാനി റിയാലിൽ (മുപ്പതിനായിരം ഒമാനി റിയാൽ) അതായത് 68 ലക്ഷം ഇന്ത്യൻ രൂപ എത്തിയിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനകം മഹേഷ് കുമാറിന്റെ സഹോദരി ബിന്ദു ബാലചന്ദ്രൻ, കൊല്ലത്ത് നിന്നും മസ്കറ്റ് ഇന്ത്യൻ എംബസ്സിക്ക് സാമൂഹ്യ പ്രവർത്തകർ വഴി മഹേഷ് കുമാറിന്റെ മസ്‌കറ്റിലെ ചികിത്സാ സഹായത്തിനായും സ്വന്തം സഹോദരനെ നാട്ടിലേക്ക് എത്തിക്കുവാൻ സൗകര്യമൊരുക്കണമെന്നും കാണിച്ച് അപേക്ഷ നൽകിയിരുന്നതായും മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി ഷമീർ. പി.ടി.കെ പറഞ്ഞു.
ആരോഗ്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ആശുപത്രി ബില്ല് അടയ്ക്കാൻ തങ്ങൾക്ക് കഴിയില്ലയെന്നും താനും അനാരോഗ്യം മൂലം ബുദ്ധിമുട്ടുന്ന അമ്മയും ഒരു വാടക വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും കത്തിലൂടെ സഹോദരി എംബസിയെ അറിയിച്ചിട്ടുണ്ട്. മഹേഷിന്റെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചുപോയതാണ്. ഇതുവരെ ചികിത്സക്ക് ചിലവായ ഭീമമായ തുക കണ്ടെത്തുവാനും എങ്ങനെ എങ്കിലും മഹേഷ് കുമാറിനെ നാട്ടിലെത്തിക്കുവാനും മസ്‌കറ്റിലെ സാമൂഹ്യ പ്രവർത്തകർ നെട്ടോട്ടം ഓടുകയാണ്. ഇനി നാട്ടിലെത്തിക്കണമെങ്കിൽ അടിയന്തര വൈദ്യസഹായമുള്ള സംവിധാനങ്ങൾ വേണം. 30,000 ഒമാനി റിയാൽ വരുന്ന ആശുപത്രി ബിൽ തീർക്കണം. അതിന് എംബസി സജീവമായി ഇടപെടണം. സാമൂഹ്യപ്രവർത്തകരും സംഘടനകളും ഉത്സാഹിക്കണം. നാട്ടിലെത്തിച്ചാൽ തുടർചികിത്സ വേണം. 2 മാസം കൂടിയേ ഇനി മഹേഷിന് അനുവദിച്ച എമർജൻസി സർട്ടിഫിക്കറ്റ് കാലാവധിയുള്ളൂ. മസ്കറ്റ് ഇന്ത്യൻ എംബസ്സിയുടെ സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തിൽ മഹേഷ് കുമാറിന്റെ നാട്ടിലേക്കുള്ള മടക്ക യാത്രാ വിഷയത്തിൽ അടിയന്തരമായി ഒരു തീരുമാനം ഉണ്ടാകണമെന്നാണ് മസ്‌കറ്റിലെ പ്രവാസി സമൂഹം ആഗ്രഹിക്കുന്നത്.