Uncategorized

എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ഷഹബാസ്; തീരാ ദുഃഖത്തിൽ വിറങ്ങലിച്ച് മാതാപിതാക്കളും സുഹൃത്തുക്കളും

കോഴിക്കോട്: മകൻ നഷ്ടമായതിന്‍റെ ആഘാതത്തിലും തീരാ ദുഃഖത്തിലും വിറങ്ങലിച്ച് നിൽക്കുകയാണ് ഷഹബാസിന്‍റെ മാതാപിതാക്കളും ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഷഹബാസ്.മോഡൽ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി നാളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ കാത്തിരിക്കുമ്പോഴാണ് ഷഹബാസിനെ ഈ രീതിയിൽ മരണം തട്ടിയെടുക്കുന്നത്. കോരങ്ങാട് അങ്ങാടിയിൽ നിന്നും ചായയുടെ പലഹാരം വാങ്ങാൻ 80 രൂപ വൈകുന്നേരം പിതാവ് ഇഖ്ബാൽ ഷഹബാസിനെ ഏൽപ്പിച്ചിരുന്നു. അതിനിടയിലാണ് കൂട്ടുകാർ ഷഹബാസിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോകുന്നത്. പൊന്നുപോലെ വളർത്തി വലുതാക്കിയ മകൻ ഇനി ഈ വീട്ടിലേക്ക് തിരിച്ചു വരില്ല എന്ന യാഥാർത്ഥ്യം ഉമ്മ റംസീനയ്ക്കും ഉപ്പ ഇക്ബാലിനും ഉൾക്കൊള്ളാനായിട്ടില്ല.

മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽനിന്നും മകൻ അത്ഭുതകരമായി തിരിച്ചു വരുമെന്ന പ്രതീക്ഷയായിരുന്നു കുടുംബത്തിന്. എന്നാൽ, മരണം ഷഹബാസിനെ തട്ടിയെടുത്തതോടെ സങ്കടക്കടലിലാണ് വീടും ചുറ്റുപാടുകളും.പഠനത്തിനും മറ്റും മിടുക്കനായിരുന്നു ഷഹബാസിനെ ഈ രീതിയിൽ മരണം തട്ടിയെടുത്തതിന്‍റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും ഒപ്പം സഹപാഠികളും. പലരും വിതുമ്പൽ അടക്കി മടങ്ങി.

നേരത്തെ കുറച്ചു കാലം പ്രവാസിയായിരുന്ന ഇക്ബാൽ ഇപ്പോൾ കൂലിപ്പണിയും മറ്റുമൊക്കെയായിട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.മാതാപിതാക്കൾക്കും താഴെയുള്ള മൂന്നു അനുജന്മാർക്കും വലിയ പ്രതീക്ഷയായിരുന്നു ഷഹബാസ്. ചുങ്കത്തെ തറവാട് വീടിനോട് ചേർന്ന് പുതിയ വീടിന്‍റെ പണി നടക്കുന്നതിനാൽ കോരങ്ങാടുള്ള വാടക വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നര വർഷമായി കുടുംബം താമസം. ഇതിനുപിന്നിലുള്ള തറവാട്ട് വീട്ടിലേക്കാണ് ഷഹബാസിനെ ആദ്യം എത്തിക്കുക.മദ്രാസയിലെ പൊതുദർശനത്തിനുശേഷം കിടവൂർ ജുമാമസ്ജിദിന്റെ ഖബർസ്ഥാനിൽ അന്ത്യവിശ്രമം. ഷഹബാസിന്‍റെ പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button