ഗൾഫിൽ മാസപ്പിറവി കണ്ടു, വിശ്വാസികൾക്ക് പുണ്യനാളുകൾ, ഗൾഫ് രാജ്യങ്ങളിൽ വ്രത ശുദ്ധിക്ക് തുടക്കം; കേരളത്തിൽ നാളെ

ദുബൈ: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റമദാൻ വ്രത ശുദ്ധിയുടെ നാളുകൾ. യു എ ഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും റമദാൻ വ്രതം ശനിയാഴ്ച ആരംഭിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ നാളെ ( ഞായറാഴ്ച ) ആയിരിക്കും റമദാൻ വ്രതം ആരംഭിക്കുക.
മാസപ്പിറവി കണ്ടില്ലെന്നും റമസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്നും കേരളത്തിലെ മുജാഹിദ് വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു. റമസാൻ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിൽ റമസാൻ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി (കെ എൻ എം )ചെയർമാൻ പി പി ഉണ്ണീൻകുട്ടി മൗലവിയാണ് അറിയിച്ചത്.
കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ റമദാനിലുള്ള അവസാനവട്ട ഒരുക്കങ്ങളിൽ
കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ വിശുദ്ധമാസമായ റമദാനിലുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. മാസപ്പിറവി വെള്ളിയാഴ്ച കാണാത്ത സാഹചര്യത്തിൽ ഞായറാഴ്ചയാകും കേരളത്തിൽ റമദാനിന് തുടക്കമാവുക. ഇനി നീണ്ട മുപ്പത് പകലുകൾ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് പ്രാർത്ഥനയിലേക്കും ദൈവത്തിലേക്കുമുള്ള മടക്കമാണ് റമദാൻ. ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയ ലൈലത്തുൽ ഖദിറ് ഈ മാസത്തിലാണ്. പുലർച്ചെ സുബഹി ബാങ്ക് വിളിയോടെ തുടങ്ങുന്ന വ്രതാനുഷ്ടാനം സൂര്യനസ്തമിക്കുന്നതോടെ മുഴങ്ങുന്ന മഗ്രിബ് ബാങ്ക് വിളിയോടെ അവസാനിക്കും. ഈന്തപ്പഴവും വെള്ളവും കഴിച്ച് നോമ്പ് തുറക്കും. രാത്രി പ്രത്യക പ്രാർത്ഥനയായ തറാവിഹ് നമസ്താരത്തിനായി പള്ളികളിൽ ഒത്തു കൂടും. പ്രാർത്ഥനകളുടെ മാസത്തിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിൽ നോമ്പ് തുറയ്ക്കായി സജ്ജികരണങ്ങളുണ്ട്. യാത്രക്കാർക്ക് വഴിയരികിലും മറ്റും സന്നദ്ധപ്രവർത്തകർ നോമ്പ് തുറവിഭവങ്ങൾ നൽകും. സക്കാത്ത് എന്ന പേരലറിയപ്പെടുന്ന ദാനധർമ്മങ്ങളുടെ മാസം കൂടിയാണ് റമദാൻ. സമ്പാദ്യത്തിലൊരു വിഹിതം റമദാൻ മാസത്തിൽ അഗതികൾക്ക് വീതിച്ച് നൽകണമെന്നാണ് ഇസ്ലാം നിർദ്ദേശിക്കുന്നത്. ഇത്തവണ നോമ്പുകാലത്ത് അന്തരീക്ഷത്തിലെ ചൂട് കൂടുതലാണ് എന്നതാണ് വിശ്വാസികളെ വലക്കുന്ന ഏക കാര്യം.