പൊലീസുകാരുടെ കണ്ണില്‍ മണ്ണ് വാരിയിട്ടു, മാന്നാറിൽ കാളകെട്ടിനിടെ അക്രമം; പ്രതികള്‍ പിടിയില്‍

മാന്നാർ: കാളകെട്ടിനിടെ പൊലീസിനെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാളകെട്ടിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സുമേഷ് (46), ജയ്സൺ സാമുവൽ (47) എന്നിവരെ അറസ്റ്റ് ചെയ്തു.
ഉത്സവ നടത്തിപ്പുകാരും കാളകെട്ട് സമിതി അംഗങ്ങളും തമ്മില്‍ പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ രാത്രി ഏഴരയോടെ വീണ്ടും പ്രദേശത്ത് സംഘർഷം ഉണ്ടായി. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി സ്ഥലത്തെത്തിയ പൊലീസുകാരുടെ കണ്ണില്‍ മണ്ണ് വാരിയിട്ടാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല പൊട്ടുകയും യൂണിഫോം കീറുകയും ചെയ്തു. തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ എംസി അഭിലാഷും സംഘവും സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാൻ ഉണ്ടെന്നും അവർക്കായുള്ള അന്വേഷണം നടത്തിവരികയാണെന്നും മാന്നാർ പൊലീസ് പറഞ്ഞു.