കൂകി വിളിച്ചതിന് പ്രതികാരം ചെയ്തത്, കൈയ്യിൽ ആയുധമായി നഞ്ചക്കും, ഇടിവളയും; താമരശ്ശേരിയിലെ വിദ്യാർത്ഥികളുടെ മൊഴി പുറത്ത്

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാത്ഥികൾ തമ്മിലുണ്ടായ സംഘർഷം പ്രതികാരം മൂലമാണെന്ന് മൊഴി. ട്യൂഷൻ സെന്ററിൽ ‘ഫെയർവെൽ പാർട്ടി’ക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാൻ ആണ് എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നിച്ചത്. ഞായറാഴ്ചയായിരുന്നു പാർട്ടി നടന്നത്. പാർട്ടിയിൽ എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ കപ്പിൾ ഡാൻസ് കളിച്ചു. ഡാൻസ് കളിക്കുന്നതിനിടെ മൊബൈലിൽ വെച്ച പാട്ട് നിന്നതിനെ തുടർന്ന് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിക്കുകയും, ഇതിന് പ്രതികാരം വീട്ടാനാണ് സംഘർഷം ഉണ്ടാക്കിയതെന്നും കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികൾ മൊഴി നൽകി.വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്തത്. താമരശ്ശേരി സ്കൂളിലെ കുട്ടികളെ നേരിടാനായി ട്യൂഷൻ സെന്ററിൽ പഠിക്കാത്ത മുഹമ്മദ് ഷഹബാസിനെ സുഹൃത്തുക്കൾ വിളിച്ചുവരുത്തുകയായിരുന്നു. വിദ്യാർത്ഥികളുടെ കൈവശം നഞ്ചക്ക്, ഇടിവള എന്നിവ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ഷഹബാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലച്ചോറിന് 70% ക്ഷതമേറ്റ കുട്ടി കോമയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. സംഭവത്തിൽ നാല് വിദ്യാർത്ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.