Uncategorized

ആകാശത്ത് അത്യപൂര്‍വ ഗ്രഹ വിന്യാസം ഇന്ന്; ഏഴ് ഗ്രഹങ്ങളെയും എങ്ങനെ കണ്ടെത്താം?

തിരുവനന്തപുരം: സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ ഏഴെണ്ണം ആകാശത്ത് ഒരുമിച്ച് ദൃശ്യമാകുന്ന അത്ഭുതക്കാഴ്ച ഇന്ന് (ഫെബ്രുവരി 28). ഈ വിസ്മയ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള വാനനിരീക്ഷകരും ജ്യോതിശാസ്ത്ര പ്രേമികളും. പ്ലാനറ്ററി പരേഡ് (Planetary Parade 2025) അല്ലെങ്കിൽ ഗ്രഹ വിന്യാസം എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം, ഒരേസമയം ഒന്നിലധികം ഗ്രഹങ്ങൾ സൂര്യന്‍റെ ഒരു വശത്ത് കൂടിച്ചേരുമ്പോഴാണ് സംഭവിക്കുന്നത്. ബഹിരാകാശ ഏജൻസിയായ നാസയുടെ അഭിപ്രായത്തിൽ, ഗ്രഹ പരേഡുകൾ അപൂർവമല്ല. പക്ഷേ എല്ലാ വർഷവും എട്ട് ഗ്രഹങ്ങളും ഒന്നിച്ച് ദൃശ്യമാകുന്ന കാഴ്ച സംഭവിക്കാത്തതിനാൽ ഇന്നത്തെ ഗ്രഹ വിന്യാസം കാണേണ്ട ഒരു അപൂര്‍വത തന്നെയാണ്. ഇന്ന് നടക്കുന്നതുപോലുള്ള ഒരു ഗ്രഹ വിന്യാസം ഇനി 2040 വരെ സംഭവിക്കില്ല. നിങ്ങൾ ഒരു ജ്യോതിശാസ്ത്ര പ്രേമിയോ നക്ഷത്രനിരീക്ഷണം ഇഷ്ടപ്പെടുന്ന ആളോ ആണെങ്കില്‍ നിങ്ങൾ ഒരിക്കലും നഷ്‍ടപ്പെടുത്താൻ പാടില്ലാത്ത ഇവന്‍റാണ് ഇന്നത്തെ പ്ലാനറ്ററി പരേഡ്.

കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജ്യോതിശാസ്ത്രജ്ഞർ ഗ്രഹങ്ങളുടെ മനോഹരമായ കാഴ്ച ആസ്വദിക്കുന്നുണ്ടെങ്കിലും, സൂര്യാസ്‍തമയത്തിന് തൊട്ടുപിന്നാലെ ഏഴ് ഗ്രഹങ്ങളും വൈകുന്നേരം ഒരേസമയം ആകാശത്ത് ദൃശ്യമാകുന്നത് ഇതാദ്യമാണ്. ഇന്ത്യയിലെ കാഴ്ചക്കാർക്ക് ഫെബ്രുവരി 28ന് ഈ ഗ്രഹ പരേഡ് കാണാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യാസ്‍തമയത്തിന് ഏകദേശം 45 മിനിറ്റ് കഴിഞ്ഞായിരിക്കും. ഗ്രഹ പരേഡിൽ എല്ലാ ഗ്രഹങ്ങളെയും എങ്ങനെ, എവിടെ കണ്ടെത്താമെന്ന് അറിയാം. സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ ശനി, ബുധൻ, ശുക്രൻ, വ്യാഴം, ചൊവ്വ എന്നിവയെ ഇന്ന് രാത്രി നഗ്നനേത്രങ്ങൾക്ക് എളുപ്പത്തിൽ ദൃശ്യമാകും. പക്ഷേ യുറാനസിനെയും നെപ്റ്റ്യൂണിനെയും കാണാൻ നിങ്ങൾ ഒരു ദൂരദർശിനിയോ ബൈനോക്കുലറുകളോ ഉപയോഗിക്കേണ്ടിവരും. തെക്കൻ ചക്രവാളത്തിന് തൊട്ടു മുകളിലായി മിഥുനം നക്ഷത്രസമൂഹത്തിൽ ചൊവ്വയെ കാണാൻ കഴിയും. അതേസമയം വ്യാഴം ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ ഗ്രഹമായി പ്രത്യക്ഷപ്പെടുകയും ടോറസ് നക്ഷത്രസമൂഹത്തിൽ കാണപ്പെടുകയും ചെയ്യും. യുറാനസിനെ മേടം രാശിയിൽ ദൃശ്യമാകും. പൂർണ്ണമായും ഇരുണ്ട തെളിഞ്ഞ ആകാശമാണെങ്കിൽ മാത്രമേ യുറാനസിനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുകയുള്ളു.

ശുക്രൻ മീനരാശിയിൽ പടിഞ്ഞാറൻ ചക്രവാളത്തോട് അടുത്തായിരിക്കും. അതിന് തൊട്ടു മുകളിലായി നിങ്ങൾക്ക് നെപ്റ്റ്യൂണിനെ കാണാൻ കഴിഞ്ഞേക്കും. ഏറ്റവും മങ്ങിയ ഗ്രഹമായതിനാൽ, നിങ്ങൾക്ക് ബൈനോക്കുലറുകൾ ആവശ്യമായി വരുന്നു. സൂര്യനോട് ഏറ്റവും അടുത്തായതിനാൽ, ബുധനെ കുംഭം രാശിയിൽ കാണാൻ കഴിയും. രാത്രി ആകാശത്ത് ശനിയെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെങ്കിലും, സൂര്യനോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഗ്രഹ പരേഡിൽ അത് കണ്ടെത്താൻ ഏറ്റവും പ്രയാസമായിരിക്കും. ഏഴ് ഗ്രഹങ്ങളുടെയും വിന്യാസത്തിന് പരമാവധി വിസിബിളിറ്റി ഉറപ്പാക്കാൻ പ്രകാശം കുറവുള്ള ഒരു സ്ഥലം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പ്ലാനറ്ററി പരേഡിന്‍റെ വ്യക്തമായ കാഴ്ച ഉറപ്പാക്കാൻ വാനനിരീക്ഷകർ കാലാവസ്ഥാ സാഹചര്യങ്ങൾ പരിശോധിക്കുകയും വെളിച്ചം കുറവുള്ള പ്രദേശങ്ങളിലേക്ക് പോകുകയും വേണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button