സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി; ഖാർഗെയ്ക്ക് കത്ത്, ഹൈക്കമാൻഡ് തീരുമാനത്തിന് പിന്തുണ

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കാമെന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം. ഖാർഗെയ്ക്ക് എഴുതിയ കത്തിലാണ് മുല്ലപ്പള്ളി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ, വിഡി സതീശനും മുരളീധരനുമുൾപ്പെടെയുള്ളവർ സുധാകരനെ മാറ്റേണ്ടതില്ലെന്ന നിലപാടാണ് എടുത്തത്.
പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് മുല്ലപ്പള്ളി പറയുന്നു. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണയുണ്ടെന്നും മുല്ലപ്പള്ളി പറയുന്നു. അതേസമയം, ഇന്നത്തെ യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും ഖാർഗെയ്ക്ക് അയച്ച കത്തിൽ മുല്ലപ്പള്ളി പറയുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ദില്ലിയിൽ നടക്കും. എഐസിസി സെക്രട്ടറിമാരും വിവിധ ഏജൻസികളും വിലയിരുത്തൽ അവതരിപ്പിക്കും. യോഗത്തിൽ ശശി തരൂർ പങ്കെടുക്കും. യോഗം വിവാദ വിഷയങ്ങളിൽ കേന്ദ്രീകരിക്കരുതെന്നാണ് ഹൈക്കമാന്റ് നിർദേശം.