അസഹനീയമായ ദുർഗന്ധം! കോഴിക്കോട് മൂന്ന് പഞ്ചായത്തുകളിലെ ജനജീവിതം ദുസ്സഹം; നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയില്‍ ഒരു ജനകീയ പ്രതിഷേധം അലയടിക്കുകയാണ്. നാടാകെ ദുര്‍ഗന്ധ പൂരിതമാക്കുന്ന അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ രാപ്പകല്‍ പോരാട്ടത്തിലാണ് നാട്ടുകാര്‍. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധം. കോഴിക്കോട് അമ്പായത്തോടിലെ ഫ്രഷ് കട്ട് പ്ലാൻ്റിൽ നിന്നുള്ള ദുർഗന്ധമാണ് നാട്ടുകാരെ വലയ്ക്കുന്നത്. അതേ സമയം പ്ലാൻ്റിൽ നിന്ന് ദുർഗന്ധം വരാതിരിക്കാൻ പുതിയ ബയോ ബെഡുകൾ സജ്ജീകരിച്ചെന്ന് ഫ്രഷ് കട്ട് അധികൃതർ. സോണുകൾ കേന്ദ്രീകരിച്ച് ഫ്രീസറുകൾ സ്ഥാപിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പഴകിയ മാലിന്യം പ്ലൻ്റിലേക്ക് എത്തുന്നത് ഒഴിവാക്കാൻ വിവിധയിടങ്ങളിൽ ഫ്രീസർ കണ്ടെയ്നറുകൾ സ്ഥാപിക്കാൻ ജില്ലാ കളക്ടർ നിർദശിച്ചു. ലൈസൻസ് പുതുക്കി കിട്ടാൻ വേണ്ടിയുള്ള നീക്കുപോക്കാണ് ഇതെല്ലാമെന്നാണ് സമരസമിതിയുടെ ആരോപണം.
ജില്ലയിലെ ഓരോ ചിക്കൻ കടകളിൽ നിന്നും മാലിന്യവുമായി ഫ്രഷ് കട്ടിൻ്റെ കണ്ടെയ്നറുകൾ അമ്പായത്തോടേക്ക് എത്തുന്നു. കിലോയ്ക്ക് ശരാശരി 5 രൂപ നിരക്കിൽ തുക ഫ്രഷ് കട്ടിന് നൽകണം. ഫ്രീസർ ഘടിപ്പിച്ച വാഹനത്തിലെ മാലിന്യം നീക്കാവൂ. ശനി ഞായർ, ദിനങ്ങളിൽ അറവ് മാലിന്യം കൂടും. ആഘോഷ ദിനങ്ങലിൽ മൂന്നോ നാലോ ഇരട്ടിവരെ ഉണ്ടായേക്കാം. ഇതിനൊക്കെ ശ്വാശ്വത പരിഹാരം വേണ്ടിടത്ത് നിലവിലെ ക്രമീകരണം വളരെ ശോചനീയമാണ്. മാർച്ച് 31ന് ലൈസൻസ് അവസാനിക്കാനിരിക്കെ പുതിയ ക്രമീകരണങ്ങൾ ഒരുക്കുന്നത് ലൈസൻസ് പുതുക്കി കിട്ടാനുള്ള അടവെന്നാണ് സമരസമിതി ആരോപിക്കുന്നത്.