Uncategorized

വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാമ്പയിനുള്ള തുക വെട്ടിച്ചുരുക്കി സർക്കാർ

തിരുവനന്തപുരം: വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാമ്പയിനുള്ള തുക വെട്ടിച്ചുരുക്കി ധനവകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിനുള്ള പദ്ധതി വിഹിതം 50 ശതമാനമായി വെട്ടിക്കുറച്ചതിന്‍റെ ഭാഗമായിട്ടാണ് മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിന്‍റെ തുകയും വെട്ടിച്ചുരുക്കിയത്. വിദ്യാർത്ഥികൾക്കിടയിൽ ലഹരിയും അതിക്രമ കേസുകളും പെരുകുന്നതിനിടെയാണ് ഈ നടപടി.

കുട്ടികളെയും യുവാക്കളെയും മയക്കുമരുന്നിന്‍റെ പിടിയിൽ നിന്ന് അകറ്റി നിർത്തുക ലക്ഷ്യമിട്ടാണ് ലഹരി വിരുദ്ധ ക്യാമ്പെയിനിന് വിദ്യാലയങ്ങളിൽ തുടക്കം കുറിച്ചത്. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി ബജറ്റിൽ തുകയും അനുവദിച്ചു. 2024- 25 ബജറ്റിൽ 1.50 കോടി രൂപയാണ് ലഹരി വിരുദ്ധ ക്യാമ്പയിനിനായി വകയിരുത്തിയത്. എന്നാൽ ധനവകുപ്പ് ഇത് 65 ലക്ഷമായി വെട്ടിച്ചുരുക്കി. പദ്ധതിക്കായി അനുവദിച്ചതിന്റെ 56.67 ശതമാനം വെട്ടി കുറച്ചു. 2023-24 സാമ്പത്തിക വർഷം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി 75 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ടായിരുന്നു. സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ ലഹരിയുടെ ഉപയോഗം വർദ്ദിക്കുന്നുവെന്ന കണക്കുകൾ പുറത്ത് വരുമ്പോഴാണ് ധനവകുപ്പ് ലഹരിവിരുദ്ധ ക്യാമ്പയിനിനായിട്ടുള്ള തുക വെട്ടിക്കുറച്ചത്.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പൊതുവിഭ്യാഭ്യാസ വകുപ്പിലെ പദ്ധതികൾ വെട്ടിക്കുറച്ചത് സംബന്ധിച്ച് എംഎൽഎ കെ.ബാബുവിന്‍റെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രേഖാമൂലം നൽകിയ മറുപടിയിലാണ് മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിന്റെ തുകയും വെട്ടിക്കുറച്ച വിവരം വ്യക്തമാക്കിയത്. സംസ്ഥാനത്ത് സ്‌കൂൾ കുട്ടികൾ ഉൾപ്പെട്ട ലഹരി കേസുകൾ 154 എണ്ണം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button