സുല്‍ത്താന്‍ബത്തേരിയിൽ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി

സുല്‍ത്താന്‍ബത്തേരി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയെ പോലീസ് പിടികൂടി. കരിപ്പൂര്‍ വട്ടപ്പറമ്പില്‍ മുഹമ്മദ് രജീബ്(25) നെയാണ് ബത്തേരി പോലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് മുഹമ്മദ് രജീബ് പിടിയിലാകുന്നത്. ഇയാളില്‍ നിന്നും 0.30 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
സുല്‍ത്താന്‍ബത്തേരി എസ്.ഐ ഒ.കെ രാംദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. ഷൈജു, ബി.എസ്. വരുണ്‍, സ്മിജു, സിവില്‍ പോലീസ് ഓഫീസര്‍ ഹനീഷ് എന്നിവരാണ് തകരപ്പാടിയിലെ പരിശോധന സംഘത്തിലുണ്ടായിരുന്നത്. ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസും സംയുക്തമായി നടത്തുന്ന ലഹരിക്കടത്തുകാരെ കണ്ടെത്താനുള്ള പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അധികാരികള്‍ അറിയിച്ചു.