അടക്കാത്തോട് ഇനി സമ്പൂർണ ശുചിത്വ വാർഡ്

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ വാർഡുകൾ “സമ്പൂർണ ശുചിത്വ വാർഡ്” പ്രഖ്യാപനങ്ങൾ തുടങ്ങി. അടക്കാത്തോട് വാർഡ് സമ്പൂർണ ശുചിത്വമായി പ്രഖ്യാപിച്ചു.
സാംസ്കാരിക കേന്ദ്രത്തിൽ സാഹിത്യകാരി അമൃത കേളകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷയായി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി ആർ രാജശേഖരൻ റിപ്പോർട്ടും, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതിയും അവതരിപ്പിച്ചു. ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി വാർഡിലെ കുടുബശ്രീ അയൽക്കൂട്ടം, അംഗനവാടി, സ്ഥാപനങ്ങൾ ഉൾപ്പെടെ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. പാതയോരങ്ങളും തോടുകളും ശുചീകരിക്കുകയും ബോധവൽക്കരണ ബോർഡ് സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ, സ്ഥിര സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കകണ്ടം, സജീവൻ പാലുമ്മി, പഞ്ചായത്തംഗങ്ങളായ ഷാന്റി സജി, ബിനു മാനുവൽ, ശുചിത്വ കൺവീനർ ഇ.എസ് സത്യൻ തുടങ്ങിയവർ സംസാരിച്ചു.