Uncategorized

രഞ്ജി ട്രോഫി ഫൈനല്‍: ആദ്യ സെഷനില്‍ വിദര്‍ഭയെ കിടുകിടാ വിറപ്പിച്ച് കേരളം, കാലുറപ്പിക്കാന്‍ കരുണ്‍ നായരുടെ ശ്രമം

നാഗ്‌പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്‍റെ ആദ്യ ദിനം ഒന്നാം സെഷനില്‍ എതിരാളികളായ വിദര്‍ഭയെ വിറപ്പിച്ച് കേരളം. ആദ്യ സെഷനില്‍ വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകള്‍ കേരളം പിഴുതു. തിരിച്ചുവരവിന് ശ്രമിക്കുന്ന വിദര്‍ഭ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 32 ഓവറില്‍ 81-3 എന്ന നിലയിലാണ്. 88 പന്തില്‍ 38* റണ്‍സുമായി ഡാനിഷ് മലേവാറും, 48 പന്തില്‍ 24* റണ്‍സെടുത്ത് കരുണ്‍ നായരുമാണ് ക്രീസില്‍. കേരളത്തിനായി എം ഡി നിധീഷ് രണ്ടും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.

നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബൗള്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ മത്സരത്തില്‍ തുടക്കത്തിലെ കേരളം മുന്‍തൂക്കം കണ്ടെത്തി. ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ പാര്‍ഥ് രേഖഡെയെ എം ഡി നിധീഷ് എല്‍ബിയില്‍ കുടുക്കി. രണ്ട് പന്ത് ക്രീസില്‍ നിന്ന പാര്‍ഥിന് അക്കൗണ്ട് തുറക്കാനായില്ല. പിന്നാലെ ഇന്നിംഗ്‌സിലെ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ വണ്‍ഡൗണ്‍ ബാറ്റര്‍ ദര്‍ശന്‍ നാല്‍ക്കണ്ടെയെയും പറഞ്ഞയച്ച് നിധിഷ് വിദര്‍ഭക്ക് ഇരട്ട പ്രഹരം നല്‍കി. എന്‍ പി ബേസിലിനായിരുന്നു ക്യാച്ച്. 21 പന്ത് ക്രീസില്‍ ചിലവഴിച്ചിട്ടും ദര്‍ശന് ഒരു റണ്ണേ നേടാനായുള്ളൂ.

പിടിച്ചുനിൽക്കാന്‍ ശ്രമിച്ച സഹ ഓപ്പണര്‍ ധ്രുവ് ഷോറെയെ, ഏദന്‍ ആപ്പിള്‍ ടോം വിക്കറ്റിന് പിന്നില്‍ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ചതോടെ വിദര്‍ഭ കൂട്ടത്തകര്‍ച്ചയിലായി. ഇന്നിംഗ്‌സിലെ 13-ാം ഓവറിലായിരുന്നു ഈ വിക്കറ്റ്. 35 ബോളുകള്‍ ക്രീസില്‍ നിന്ന ധ്രുവ് 16 റണ്‍സേ പേരിലാക്കിയുള്ളൂ. ഇതോടെ വിദര്‍ഭ 12.5 ഓവറില്‍ 24-3 എന്ന നിലയില്‍ പ്രതിരോധത്തിലായി. ഒന്നാം സെഷന്‍ 32 ഓവര്‍ പൂര്‍ത്തിയാക്കി മത്സരം ഇടവേളയ്ക്ക് പിരിഞ്ഞപ്പോള്‍ വിദര്‍ഭ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ്. 38* റണ്‍സുമായി ഡാനിഷ് മലേവാറും, 24* റണ്ണെടുത്ത് കരുണ്‍ നായരുമാണ് ക്രീസില്‍. രഞ്ജി ട്രോഫി ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ കളിക്കുന്ന കേരളം ഉറച്ച പ്രതീക്ഷയോടെയാണ് മൈതാനത്ത് പോരാടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button