ചരിത്രനേട്ടത്തിന്‍റെ പടിവാതിലിൽ കേരളം, രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം, എതിരാളികൾ വിദർഭ; സാധ്യതാ ടീം

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. ഫൈനലിൽ കരുത്തരായ വിദർഭയാണ് എതിരാളികൾ. രാവിലെ ഒൻപതരയ്ക്ക് വിദർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിലാണ് മത്സരം. ജിയോഹോട്സ്റ്റാറില്‍ മത്സരം തത്സയം കാണാം. സീസണിൽ തോൽവി അറിയാതെയാണ് കേരളവും വിദർഭയും കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. സെമിയിൽ ഗുജറാത്തിനെ രണ്ട് റണ്ണിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ മറികടന്നാണ് കേരളം ആദ്യ ഫൈനൽ ഉറപ്പിച്ചത്.
വിദർഭ സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ തോൽപിച്ചു. കേരളവും വിദർഭയും രണ്ടുതവണ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. വിദർഭ 2018ൽ ക്വാർട്ടർ ഫൈനലിലും 2019ൽ സെമിഫൈനലിലും കേരളത്തെ തോൽപിച്ചു. ഈ രണ്ട് തോൽവികൾക്ക് ഫൈനലിൽ പകരം വീട്ടുകയാണ് കേരളത്തിന്‍റെ ലക്ഷ്യം. കേരള ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും നിർണായക പോരാട്ടത്തിനാണ് സച്ചിൻ ബേബിയും സംഘവും ഇന്ന് നാഗ്പൂരിൽ ഇറങ്ങുന്നത്. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെയും സെമി ഫൈനലിൽ ഗുജറാത്തിനെയും നാടകീയമായാണ് മറികടന്നതെങ്കിലും, കേരള താരങ്ങളുടെ പോരാട്ടവീര്യത്തിനുള്ള പ്രതിഫലമായിരുന്നു വിജയത്തോളം തിളക്കമുള്ള ഈ സമനിലകൾ. ഇത് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ വർധിപ്പിക്കാനുള്ള കാരണം. വാലറ്റം വരെനീളുന്ന ബാറ്റിംഗ് നിരതന്നെയാണ് കേരളത്തിന്‍റെ കരുത്ത്.
ഇതുവരെയുള്ള മത്സരങ്ങളിൽ മുഹമ്മദ് അസ്ഹറുദ്ദീനും സൽമാൻ നിസാറും ഉൾപ്പെട്ട മധ്യനിരയുടെയും ലോവർ ഓർഡർ ബാറ്റർമാരുടെ മികവിലായിരുന്നു കേരളത്തിന്‍റെ മുന്നേറ്റം. ഫൈനലിൽ ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ഉൾപ്പടെയുള്ള ടോപ് ഓർഡർ ബാറ്റർമാരും മികച്ച ഇന്നിംഗ്സുകൾ കളിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നവർ ജേതാക്കളാവുന്ന പശ്ചാത്തലത്തിൽ. ബൗളിംഗിൽ എം ഡി നിധീഷ്, ജലജ് സക്സനേ, ആദിത്യ സർവാതെ എന്നിവരിലാണ് പ്രധാന പ്രതീക്ഷകൾ. ഗുജറാത്തിനെതിരെ സെമി കളിച്ച കേരള ടീമിൽ ഒരുമാറ്റത്തിനാണ് സാധ്യതയുണ്ട്.
ഗുജറാത്തിനെതിരെ കേരളം വരുൺ നായനാർക്കും അഹമ്മദ് ഇമ്രാനും അരങ്ങേറ്റം നൽകിയിരുന്നു. രണ്ട് ഇന്നിംഗ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന വരുണിന് ടീമിലെ സ്ഥാനം നഷ്ടമാവും. വരുണിന് പകരം ഷോൺ റോജറോ ഇല്ലെങ്കിൽ ഒരു ഫാസ്റ്റ് ബൗളറോ ടീമിലെത്തും. ഇക്കാര്യത്തിൽ ഇന്ന് രാവിലെ പിച്ച് പരിശോധിച്ച ശേഷമാവും ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനത്തിൽ എത്തുക. ഒരുപേസറെ അധികമായി ഉൾപ്പെടുത്താനാണ് തീരുമാനമെങ്കിൽ ബേസിൽ തമ്പിയെയാവും ആദ്യം പരിഗണിക്കുക. ബേസിൽ തമ്പി പരിക്കിൽ നിന്ന് പൂർണ മുക്തനായില്ലെങ്കിൽ ഏഥൻ ആപ്പിൾ ടോമിന് അവസരം കിട്ടും. സെമി ഫൈനലിലെ സമ്മർദഘട്ടത്തിൽ അരങ്ങേറ്റക്കാരനായിട്ടും മനസ്സാന്നിധ്യത്തോടെ ബാറ്റ് ചെയ്ത യുവതാരം അഹമ്മദ് ഇമ്രാന് ഫൈനലിലും അവസരം നൽകാനാണ് കേരള ടീമിന്‍റെ തീരുമാനം.
വിദർഭയിലേക്ക് വരുകയാണെങ്കിൽ സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും സ്ഥിരത പുലർത്തുന്ന ടീമുകളിലൊന്നാണ് വിദർഭ. 2018ലും 19ലും ജേതാക്കളായ വിദർഭ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പാണ്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മുംബൈയെ വീഴ്ത്തിയാണ് വിദർഭ ഇത്തവണ ഫൈനലിലേക്ക് എത്തുന്നത്. യഷ് റാഥോഡ്, ഹർഷ് ദുബെ, അക്ഷയ് വാഡ്കർ, അഥർവ്വ ടൈഡെ, പാതിമലയാളിയായ കരുൺ നായർ എന്നിവരാണ് വിദർഭയുടെ കരുത്ത്. റൺവേട്ടയിൽ യഷ് റഥോഡും വിക്കറ്റ് വേട്ടയിൽ ഹർഷ് ദുബേയും എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്.
രണ്ട് തോൽവികൾക്ക് പകരം വീട്ടാൻ കൂടിയാണ് കേരളം ഇന്നിറങ്ങുന്നത്. വിദർഭ 2018ലെ ക്വാർട്ടർ ഫൈനലിലും 2019ലെ സെമിയിലും കേരളത്തെ തോൽപിച്ചിരുന്നു. ഈ തോൽവികൾക്ക് വിദർഭയുടെ മൈതാനത്ത് പകരം വീട്ടി കേരളം ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രം കുറിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.