Uncategorized

പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസ… ഒരിക്കലെങ്കിലും പോയിരിക്കണം പൈതൽ പാറയിൽ

കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല. വൈതൽ മല എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് ഈ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്.

വൈതൽ പാറ ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതി ചെയ്യുന്നുണ്ട്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ. ഏഴിമലരാജ്യം മൂഷികരാജാക്കൻമാർ ഭരിച്ചിരുന്ന കാലത്ത്‌ നാടുവാഴികളായ വൈതൽകോന്മാരുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ്‌ ഇന്നത്തെ വൈതൽമല എന്നാണ് കരുതപ്പെടുന്നത്.

മലബാറിന്റെ സമഗ്രചരിത്രമെഴുതിയ ബ്രിട്ടീഷ്‌ ഭരണകാലത്തെ മലബാർ കലക്‌ടർ വില്യം ലോഗന്റെ മലബാർ മാനുവലിലും, ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്തുണ്ടാക്കിയ റവന്യൂ രേഖകളിലും വൈതൽമല എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് പ്രാദേശികമായ പ്രയോഗത്താൽ അത് പൈതൽ മല എന്നാകുകയാണുണ്ടായതെന്നാണ് ചിലരുടെ വാദം.

വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ഔഷധച്ചെടിയായ അങ്കര എന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ, ശരീരവേദന, കടുത്ത പനി എന്നിവ ഉണ്ടാക്കാവുന്ന ഈ ചെടിയുടെ സമ്പർക്കം ആനകൾ പോലും ഒഴിവാക്കുമത്രേ. 500 വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്.

സാഹസികയാത്ര ഇഷ്ടപെടുന്നവർക്ക് പാത്തൻ പാറ വഴി പോകാം. മഴക്കാലത്ത് യാത്ര ദുഷ്കരമാണ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ (വൈതൽ) മല. പൊട്ടൻപ്ലാവ് എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റർ ദൂരം ജീപ്പ് ഉണ്ട്. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ പൈതൽ മല എത്താം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button