Uncategorized

ലഹരിവിരുദ്ധ സന്ദേശം പകര്‍ന്ന് നല്‍കി സ്കൂളിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ ഓട്ടൻതുള്ളൽ

മുഹമ്മ: പാഠഭാഗത്തെ തുള്ളൽകഥ കേട്ടും വായിച്ചും അറിഞ്ഞ കുട്ടികളുടെ മുന്നിൽ ഓട്ടൻതുള്ളൽകാരൻ വേഷവിധാനങ്ങളോടെ പാടി തുള്ളൽ വിശേഷങ്ങൾ പങ്കുവച്ചപ്പോൾ പുതിയ അനുഭവമായി അവർക്ക്. എക്സൈസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കൂടിയായ വി ജയരാജ്‌ ആണ് ഓട്ടൻതുള്ളലിലൂടെ ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകിയത്.

ജീവിതമാണ് ലഹരി എന്ന സന്ദേശവുമായുള്ള ഓട്ടൻതുള്ളലിന്റെ, 515-മത്തെ വേദിയായിരുന്നു ജയരാജിന് മുഹമ്മ സി എം എസ് സ്കൂൾ. നാലാം ക്ലാസ് മലയാളം പുസ്തകത്തിലെ ഊണിന്റെ മേളം, പരിസര പഠനത്തിലെ കലകളുടെ നാട് എന്നീ പാഠഭാഗങ്ങളും ലഹരിയുടെ കെടുതികളുമൊക്കെ ഓട്ടൻതുള്ളലിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് അവ ഹൃദിസ്ഥമായി.

എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആയ വി ജയരാജ്‌ കഞ്ഞിക്കുഴി സ്വദേശിയാണ്. കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി മിഷനാണ് പരിപാടി അവതരിപ്പിക്കുന്നത്. സ്വന്തമായി പാട്ടെഴുതി ഓട്ടൻതുള്ളൽ നടത്തുന്ന ഇദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടിയും ബോധവൽക്കരണം നടത്താറുണ്ട്.

തുള്ളൽ പഠിക്കാതെ തുള്ളൽക്കാരനായ ജയരാജിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. രംഗയാനം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഥമാധ്യാപകൻ ജോൺ തോമസ് അധ്യക്ഷനായി. പി ടി എ പ്രസിഡന്റ് എൽ സെബാസ്റ്റ്യൻ, സ്കൂൾ വികസന സമിതി ജോയിന്റ് കൺവീനർ കെ എസ് ലാലിച്ചൻ, അധ്യാപകരായ എൻ എം ഷേർലി, ലീജ പോൾ, മുഹമ്മദ്‌ റാഫി, ഷീന ജോസഫ്, എൻ വി ബിജിമോൾ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button