Uncategorized

തമിഴ്നാട്ടിൽ വാഹനാപകടം: മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം

മലപ്പുറം: തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉദുമല്‍പേട്ട-ദിണ്ടിക്കല്‍ ദേശീയപാതയില്‍ പുഷ്പത്തൂർ ബൈപ്പാസിലാണ് അപകടം നടന്നത്. റോഡില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറുകയായിരുന്നു.

മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പമ്പില്‍ പൂളാങ്കുണ്ടില്‍ തരകൻ മുഹമ്മദ് സദഖത്തുള്ള വഹബി (32), മകൻ മുഹമ്മദ് ഹാദി (4) എന്നിവരാണു മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകള്‍ ഐസല്‍ മഹറ (രണ്ടര) എന്നിവർ ഗുരുതര പരിക്കുകളോടെ ഉദുമല്‍പേട്ട സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാവനൂർ ഇരുവേറ്റിയില്‍ മദ്രസാധ്യാപകനായ സദഖത്തുള്ള തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങളിലേക്കു പോയതായിരുന്നു. പകല്‍ മൂന്നരയോടെയായിരുന്നു അപകടം. സ്വാമിനാഥപുരം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ കാർ ക്രെയിനുപയോഗിച്ച്‌ വലിച്ചെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പഴനി സർക്കാർ ആശുപത്രി മോർച്ചറിയില്‍. സ്വാമിനാഥപുരം പോലീസ് കേസെടുത്തു.

പരേതനായ അബ്ദുല്‍കരീമിന്റെയും റംലത്തിന്റെയും മകനാണ് സദഖത്തുള്ള. കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗമായ എസ്.വൈ.എഫ്. മലപ്പുറം ജില്ലാസമിതി അംഗവും ഐ.കെ.എസ്.എസ്. മഞ്ചേരി മേഖലാ കണ്‍വീനറുമാണ്. സഹോദരങ്ങള്‍: ഹിദായത്തുള്ള, കിഫായത്തുള്ള, ഇനായത്തുള്ള.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button