കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവത്തിന് തുടക്കം, എംഎസ്എഫ് എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടൽ

വളാഞ്ചേരി: കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർസോൺ കലോത്സവത്തിന് മലപ്പുറം വളാഞ്ചേരിയില്‍ തുടക്കമായി. 110 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. വേദിയെ ത്രസിപ്പിച്ച് ഭഗവതി പുറപ്പാടും നാഗകാളിയും ഒപ്പം, മാപ്പിളപ്പാട്ടിന്റെ ഇമ്പം തുളുമ്പുന്ന ഇശലുകൾ. സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയാക്കി വളാഞ്ചേരി മജ്ലിസ് കോളേജില്‍ യൂണിവേഴ്സിറ്റി ഇന്‍റര്‍സോൺ കലോത്സവം കലൈക്യയുടെ വേദികളുണർന്നു. റാഗിങ്, സംഘര്‍ഷം, ലഹരി ഇങ്ങനെ ഇരുട്ടു മൂടിയ തുരങ്കത്തിനപ്പുറമാണ് മത്സരവേദികൾ. അവിടെ സ്നേഹവും സൗഹൃദവും കരുതലും നിറയുന്ന കലയുടെ വെളിച്ചമാണ് വീശുന്നത്. വേദികളുടെ പേരുകളും ക്യാംപസ് രാഷ്ട്രീയത്തിന്റേയും റാംഗിങ്ങിന്റെ ഭീകരതയും വ്യക്തമാക്കുന്ന പഴയ ഓർമകൾ വിദ്യാർത്ഥികളിലുണ്ടാക്കുന്നതാണ്.
അനു ജിഷ്ണു പ്രണോയ്, സിദ്ധാർത്ഥ്, മിഹിർ അഹമ്മദ്, ഫാത്തിമ ലത്തീഫ്, ശ്രദ്ധ സതീഷ് ഇങ്ങനെ 5 വേദികളിലായി 5 ദിവസമാണ് മത്സരം നടക്കുക. സോൺ മത്സരങ്ങളിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൻ്റെ പശ്ചാലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്‍റര്‍ സോൺ മത്സരങ്ങൾ നടക്കുന്നത്. എന്നാൽ പുലർച്ചെ ഒരു മണിയോടെ എംഎസ്എഫ് എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. 8 വിദ്യാർത്ഥികൾക്കും 2 പൊലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റു.