കോവിഡിന് ശേഷം എസി ടിക്കറ്റിന് ഡിമാൻഡ് കൂടി: ഇന്ത്യൻ റെയിൽവേയ്ക്ക് വൻ വരുമാന വർദ്ധന

കോവിഡിന് ശേഷമുള്ള അഞ്ചു വർഷത്തിൽ രാജ്യത്ത് ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടായതായി കണ്ടെത്തൽ. ആകെയുള്ള 727 കോടി യാത്രക്കാരിൽ മൂന്നര ശതമാനം മാത്രം വരുന്ന 26 കോടി എസി ത്രീ ടയർ യാത്രക്കാരിൽ നിന്ന് റെയിൽവേയ്ക്ക് ലഭിച്ചത് 30089 കോടി രൂപയാണ്. റെയിൽവേയുടെ ആകെ വരുമാനമായ 80,000 കോടിയിൽ 38 ശതമാനം വരുമിത്.
രാജ്യത്ത് കൂടുതൽ യാത്രക്കാർ റെയിൽവേയിൽ കൂടുതൽ സൗകര്യപ്രദമായ യാത്ര ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ കണക്കുകൾ. 2019-20 കാലത്ത് 11 കോടി പേരാണ് എസി ത്രീ ടയറിൽ യാത്ര ചെയ്തത്. ആകെ യാത്രക്കാരുടെ എണ്ണത്തിന്റെ ഒന്നര ശതമാനം മാത്രമായിരുന്നു ഇത്.അന്ന് 12370 കോടി രൂപയാണ് എസി ത്രീ ടയർ യാത്രക്കാരിൽ നിന്ന് റെയിൽവേ ലഭിച്ചത്. ഇതാണ് അഞ്ചുവർഷത്തിനിപ്പുറം മുപ്പതിനായിരം കോടി കടന്നത്.
കോവിഡിന് മുൻപു വരെ സ്ലീപ്പർ ക്ലാസ്സ് യാത്രക്കാരാണ് റെയിൽവേയുടെ വരുമാനത്തിന്റെ നാലിലൊന്ന് പങ്കും നൽകിയത്. 2019- 20ലെ കണക്ക് പ്രകാരം 13641 കോടി രൂപ റെയിൽവേ സ്ലീപ്പർ ക്ലാസ്സ് യാത്രക്കാരിൽ നിന്ന് ലഭിച്ചു. ആ വർഷത്തെ ആകെ വരുമാനം 50669 കോടി രൂപയായിരുന്നു. എന്നാൽ ഈ വർഷം ഇതേ കാറ്റഗറിയിൽ നിന്ന് റെയിൽവേയ്ക്ക് ലഭിച്ചത് 15603 കോടി രൂപയാണ്. സ്ലീപ്പർ ക്ലാസ്സ് യാത്രക്കാരുടെ എണ്ണം അഞ്ചുവർഷം മുൻപത്തെ 37 കോടിയിൽ നിന്ന് 38 കോടിയായി മാത്രമാണ് വളർന്നിരിക്കുന്നത്.