ഷിനു ചൊവ്വയ്ക്ക് വീണ്ടും അവസരം? പൊലീസ് കായിക ക്ഷമതാ പരീക്ഷയിൽ ഒരു അവസരം കൂടി നൽകണമെന്ന് അപേക്ഷ

കണ്ണൂർ: പോലീസ് കായിക ക്ഷമത പരീക്ഷയിൽ പരാജയപ്പെട്ട ഷിനു ചൊവ്വയ്ക്ക് വീണ്ടും അവസരം നൽകിയേക്കും. ഷിനു ചൊവ്വയുടെ അപേക്ഷയിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. എസ് എ പി കമാൻഡന്റിനും എഡിജിപി ബറ്റാലിയനുമാണ് ഒരു അവസരം കൂടി നൽകണമെന്ന് ഷിനു അപേക്ഷ നൽകിയത്. രണ്ടു മാസത്തിന് ശേഷം വീണ്ടും പരീക്ഷ നടത്തിയേക്കുമെന്നാണ് വിവരം. ഇന്ന് എസ്‌എപി ക്യാമ്പിൽ നടന്ന കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു. 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈ ജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്. ഇതോടെ ബോഡി ബില്‍ഡിങ് താരങ്ങളായ ഷിനു ചൊവ്വയേയും ചിത്തരേഷ് നടേശനെയും ആംഡ് പൊലീസ് ഇൻസ്പെക്ടറാക്കാനുള്ള മന്ത്രിസഭാ തീരുമാനം പൊളിഞ്ഞിരുന്നു. കായികക്ഷമതാ പരീക്ഷയിൽ ചിത്തരേഷ് നടേശൻ പങ്കെടുത്തിരുന്നില്ല.
ഒളിംപിക്‌സിലും ദേശീയ ഗെയിംസിലും അംഗീകരിച്ച കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് മന്ത്രിസഭ ഷിനുവിനും ചിത്തരേഷിനും നിയമനം നൽകാൻ തീരുമാനമെടുത്തത്. ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ട് പേരും ഉണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലത്തവും പരിഗണിച്ച് നിയമനം നൽകുന്നുവെന്നായിരുന്നു ഉത്തരവ്. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകാൻ സർക്കാർ നീക്കം നടത്തിയത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ കായിക മത്സരങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമനത്തിന് നീക്കം നടന്നത്. ഇതാണ് കായിക ക്ഷമത പരീക്ഷയില്‍ പാളിയത്.