Uncategorized

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്, ഹർത്താൽ തുടങ്ങി

കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്നലെ അർധരാത്രിയോടെയാണ് പതിമൂന്നാം ബ്ലോക്കിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സബ് കളക്ടർ സ്ഥലത്തെത്തിയിട്ടും ആംബുലൻസ് കൊണ്ടുപോകാൻ അനുവദിക്കാതിരുന്ന നാട്ടുകാർ ഒടുവിൽ പൊലീസ് നടത്തിയ ചർച്ചക്ക് ഒടുവിലാണ് അയഞ്ഞത്. വനം മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് കണ്ണൂരിലെത്തും. വൈകിട്ട് മൂന്ന് മണിക്ക് സർവകക്ഷിയോഗം ചേരും.

ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വനാതിർത്തിയിൽ ആന മതിൽ നിർമാണം രണ്ട് വർഷം മുൻപ് തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. വന്യമൃഗ ശല്യത്തെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞുപോയിരുന്നു. പതിമൂന്നാം ബ്ലോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോഴാണ് ഇന്നലെ ഉച്ചയോടെ വെള്ളിയെയും ലീലയെയും ആന ആക്രമിച്ചത്. വീടിനു പിന്നിൽ പതിയിരുന്ന കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ സ്ഥലത്തുതന്നെ മരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button