Uncategorized

പോസിറ്റീവ്! സിൽവർലൈനിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്‍റെ നിലപാടിനോട് പ്രതികരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ

കൊച്ചി: സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലുണ്ടെന്നുമുള്ള കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്‍റെ പ്രസ്താവന സ്വാഗതം ചെയ്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിൽവർലൈനുമായി ബന്ധപ്പെട്ട പിയൂഷ് ഗോയലിന്‍റെ നിലപാട് പോസറ്റീവ് സമീപനമാണെന്നാണ് ബാലഗോപാൽ അഭിപ്രായപ്പെട്ടത്.. സിൽവർലൈൻ കേന്ദ്രസർക്കാരിന് നടപ്പാക്കേണ്ടിവരുമെന്നും അതിവേഗപാതകൾക്കായി രാഷ്ട്രീയത്തിനതീതമായി നിലകൊള്ളണമെന്നും ധനമന്ത്രി ചൂണ്ടികാട്ടി.

കൊച്ചിയിൽ ഇന്നലെ തുടങ്ങിയ ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപ സംഗമത്തിന്‍റെ ഉദ്ഘാടന വേദിയിലാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പിണറായി സർക്കാർ മുന്നോട്ട് വെച്ച തിരുവനന്തപുരം – കാസർകോട് അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന് വ്യക്തമാക്കിയത്. പദ്ധതി കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി ജനങ്ങൾ ഉയർത്തിയിരിക്കുന്ന പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘ഇൻവെസ്റ്റ് കേരള’യുടെ ഉദ്ഘാടന വേദിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി കേരളത്തെ പ്രകീർത്തിച്ചാണ് സംസാരിച്ചത്. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി കേരളത്തെ പ്രകീർത്തിച്ചത്. ആഗോളനിക്ഷേപങ്ങളുടെ പൂര്‍ണമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. നിക്ഷേപകര്‍ക്കായി കേരളത്തിന് കൈനിറയെ നല്‍കാനുണ്ടെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. ടൂറിസംമേഖലയാകട്ടെ, നിര്‍മാണമേഖലയാകട്ടെ, ലോജിസ്റ്റിക്സ് മേഖലയാകട്ടെ, ഏതുമേഖലയായാലും കേരളം വികസനത്തിന്‍റെ മുന്‍പന്തിയിലാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേരളത്തില്‍ 51 നക്ഷത്ര ഹോട്ടലുകളുണ്ടെന്നറിഞ്ഞു അതിശയിച്ചു പോയി. ലോകമെമ്പാടു നിന്നും സഞ്ചാരികള്‍ കേരളത്തിലേക്കു എത്തുന്നുവെന്നത് തികച്ചും അഭിമാനാര്‍ഹമാണ്. വ്യവസായവികസനത്തില്‍ അടിസ്ഥാനസൗകര്യത്തിനു നിര്‍ണായകപങ്കുണ്ട്. കേരളം നവീനവും മികച്ചതുമായ അടിസ്ഥാനസൗകര്യം വികസിപ്പിച്ചുവരികയാണ്. കേരളത്തിന്‍റെ സമുദ്രത്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികവികാസം മതിപ്പുളവാക്കുന്ന വേഗതയിലാണ് വളരുന്നത്. സഹകരണഫെഡറലിസത്തിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടാണ് ഇന്ന് രാജ്യം ഒന്നാകെ പ്രവര്‍ത്തിക്കുന്നത്. കുറെയൊക്കെ മല്‍സരമുണ്ടെങ്കിലും, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മികച്ച സഹകരണമാണ് നല്‍കുന്നത്. സംസ്ഥാനങ്ങള്‍ വളരുമ്പോള്‍ മാത്രമേ രാജ്യത്തിനു വളര്‍ച്ചയുണ്ടാകു എന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ചൂണ്ടികാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button