Uncategorized

‘ഇ‍ഡി ചെയ്തത് നിയമത്തിന്‍റെ ദുരുപയോഗം’ : 10 കോടി സ്വത്ത് കണ്ടുകെട്ടിയതിനെതിരെ ഷങ്കര്‍ രംഗത്ത്

ചെന്നൈ: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംവിധായകൻ ഷങ്കറിന്‍റെ 10 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിന് തൊട്ടുപിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ രംഗത്ത് എത്തി. ചെന്നൈ ഹൈക്കോടതി നേരത്തെ തന്നെ തള്ളിയ കേസുമായി ബന്ധപ്പെട്ടാണ് ഇ‍ഡിയുടെ നടപടിയെന്നും, തന്നോട് ഈ കേസില്‍ ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് അറിയിച്ച് ഷങ്കര്‍ പ്രസ്താവന പുറത്തിറക്കി.

പിഎംഎൽ ആക്ട് പ്രകാരം തന്‍റെ സ്വത്ത് കണ്ടുകെട്ടിയ നടപടി നിയമത്തിന്‍റെ ദുരുപയോഗമാണ് എന്ന് ഷങ്കര്‍ പ്രസ്താവനയില്‍ പറയുന്നു. “എന്തിരൻ (റോബോട്ട്) എന്ന സിനിമയുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ കോപ്പിയടി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇഡി ചെന്നൈ സോണൽ ഓഫീസ് എന്‍റെ മൂന്ന് സ്ഥാവര സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടിയ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാളിതുവരെ, ഇഡിയില്‍ നിന്ന് ഈ കേസുമായി ബന്ധപ്പെട്ട് ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ല, എന്നാൽ സ്വത്ത് കണ്ടുകെട്ടിയ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഈ നടപടി നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതും, നിയമത്തിന്‍റെ ദുരുപയോഗവുമാണ്.

അരൂർ തമിഴ്നാടന്‍റെ ജിഗുബയുടെ പകർപ്പാണ് എന്തിരൻ എന്ന അവകാശവാദം ഹൈക്കോടതി നേരത്തെ തന്നെ തള്ളിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി “ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയം ബഹുമാനപ്പെട്ട ഹൈക്കോടതി നേരത്തെ തന്നെ സിവിൽ സ്യൂട്ട് നമ്പർ 914/2010-ൽ സമഗ്രമായി തീർപ്പാക്കിയിരുന്നു. എൻതിരൻ കഥയുടെ ശരിയായ പകർപ്പവകാശ ഉടമയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അരൂർ തമിഴ്നാടൻ സമർപ്പിച്ച അവകാശവാദം കോടതി ഇരുവശത്തുനിന്നും തെളിവുകളും വാദങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിച്ച് കോടതി തള്ളിയിരുന്നു” ഷങ്കര്‍ പറയുന്നു. കോപ്പിയടി, പകർപ്പവകാശ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയതിനാല്‍ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഷങ്കറിന്‍റെ 10 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്ന് വ്യാഴാഴ്ച ഇഡി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button