കാക്കനാട്ടെ കൂട്ടആത്മഹത്യ: മനീഷിന്റെ അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍ വിതറിയിട്ടുണ്ട്, അടുത്ത് കുടുംബ ഫോട്ടോ; ദുരൂഹത സംശയിച്ച് പൊലീസ്

കാക്കനാട് ടി വി സെന്ററിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് കമ്മിഷണര്‍ മനീഷ് വിജയ് യുടേത് ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മനീഷിന്റെ അമ്മയുടേയും സഹോദരിയുടേയും മൃതദേഹങ്ങളും ഇതേ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മനീഷിന്റേത് ആത്മഹത്യയെന്ന് സംശയിക്കുമ്പോഴും അമ്മയുടെ മരണത്തില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. അമ്മയുടെ മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയതും കുടുംബ ഫോട്ടോ അതിനരികില്‍ വച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ദുരൂഹത. അമ്മയെ കൊലപ്പെടുത്തിയിട്ട് മനീഷ് ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.മനീഷ് മുന്‍പിലെ മുറിയിലും സഹോദരിയും അമ്മയും അകത്തുള്ള മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹത്തില്‍ ബെഡ്ഷീറ്റ് പുതപ്പിച്ചതിലും പൊലീസിന് സംശയങ്ങളുണ്ട്. മനീഷിന്റേയും സഹോദരിയുടേയും മൃതദേഹങ്ങള്‍ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.




