Uncategorized

ഒരാനയെങ്കിൽ 50 ലക്ഷം, നാലിൽ കൂടുതലായാൽ 2 കോടി; ഉത്സവ കമ്മിറ്റി ഇൻഷുർ ചെയ്യണം; ആന എഴുന്നള്ളിപ്പ് നിയന്ത്രണം

കോഴിക്കോട്: ആന എഴുന്നള്ളിപ്പില്‍ ജില്ലയിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി. വിലക്ക് ഏര്‍പ്പെടുത്തിയ ഫെബ്രുവരി 21 വരെ മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ആനയെ എഴുന്നള്ളിച്ച് ഉത്സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കാനും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

നിലവില്‍ അനുമതി നല്‍കിയ സ്ഥലങ്ങളില്‍ ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, പൊലീസ് തുടങ്ങിയവര്‍ പരിശോധന നടത്തും. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആനകളെ വെച്ചുള്ള ദേശവരവ്, എഴുന്നള്ളിപ്പ് തുടങ്ങിയവ പാടില്ല. തുടര്‍ന്നുള്ള അനുമതി സംബന്ധിച്ച് 21ന് ചേരുന്ന മോണിറ്ററിങ്ങ് കമ്മിറ്റി തീരുമാനമെടുക്കും. എഴുന്നള്ളിപ്പ് നടത്തുന്ന അമ്പല കമ്മിറ്റികള്‍ ഒരു മാസം മുമ്പ് ഉടമസ്ഥാവകാശം, ഇന്‍ഷുറന്‍സ്, ഡാറ്റ ബുക്ക് തുടങ്ങിയ രേഖകള്‍ ഹാജരാക്കണം. ആനയെ ബന്ധിച്ചതിന് ശേഷം മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കാവൂ.

അമ്പല കമ്മിറ്റികള്‍ ഉത്സവ പരിസരത്തെ പഴകിയ കെട്ടിടങ്ങളില്‍ ആളുകള്‍ കൂടി നില്‍ക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണം. മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ എഴുന്നള്ളിക്കുന്ന ആനകളുടെ ഒരു മാസത്തെ യാത്ര അടക്കമുള്ള വിവരങ്ങള്‍ നേരത്തെ ഹാരാക്കണം. നിലവില്‍ രജിസ്ട്രേഷന്‍ ഫോം പരിഷ്‌കരിച്ച് പുതുക്കിയത് ലഭ്യമാക്കാനും മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു.

ആനയെ എഴുന്നള്ളിക്കുന്ന പരിസരവും ക്ഷേത്രവും ഉള്‍പ്പെടുന്ന രീതിയില്‍ ഉത്സവക്കമ്മിറ്റി ഉത്സവം ഇന്‍ഷൂര്‍ ചെയ്യണം. ഇതിനായി ഒരു ആനയാണെങ്കില്‍ 50 ലക്ഷം രൂപയ്ക്കും, മൂന്ന് വരെ ആനകളെ ഒരു കോടി രൂപയ്ക്കും നാലോ അതില്‍ കൂടുതലോ ആനകളെ രണ്ടു കോടി രൂപയ്ക്കും ഉത്സവകമ്മിറ്റി ഇന്‍ഷൂര്‍ ചെയ്യണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ആനയുമായി ബന്ധപ്പെട്ടും പടക്കം ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ടും ഉണ്ടാവുന്ന അപകടങ്ങള്‍ കവര്‍ ചെയ്യുന്ന രീതിയിലാണ് ഇന്‍ഷൂറന്‍സ് ലഭ്യമാക്കേണ്ടത്.

ദേശവരവ് ഉള്‍പ്പെടെ എഴുന്നള്ളിക്കുന്ന മുഴുവന്‍ ആനകളുടെയും വിവരങ്ങള്‍ മുന്‍കൂറായി തന്നെ ലഭ്യമാക്കി അനുമതി വാങ്ങിക്കണം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താലൂക്ക് തലത്തില്‍ റേഞ്ച് ഓഫീസര്‍, തഹസില്‍ദര്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍, പോലീസ്, വെറ്റിനറി ഓഫീസര്‍ എന്നീ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. ഉത്സവ കമ്മിറ്റികള്‍ക്ക് പുറമേ അമ്പല കമ്മിറ്റികള്‍ക്കും ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ ഉത്തരവാദിത്തമുണ്ടാകും. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് അമ്പല കമ്മിറ്റികള്‍ക്കാകും ചുമതല. മാര്‍ച്ച് ആദ്യ വാരം മുതല്‍ സബ് കമ്മിറ്റി നിശ്ചയിക്കുന്ന പുതുക്കിയ നിബന്ധനകള്‍ അടിസ്ഥാനപ്പെടുത്തിയാകും ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കുക.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ സത്യപ്രഭ, കോഴിക്കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ദിവ്യ കെ, വടകര റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജി എം പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ കെ ബൈജു, എം സി വിജയകുമാര്‍, എന്‍ വിജേഷ്, ഇബ്രാഹി, അനൂപ് കുമാര്‍, ഫയര്‍ ഫോഴ്സ് ഓഫീസര്‍ നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button