33 കിലോമീറ്റർ പാത, മൂന്ന് ചെറുപാലങ്ങൾ; തൃശൂർ – കുറ്റിപ്പുറം റോഡ് നിർമ്മാണത്തിന്‍റെ വേഗം കൂട്ടാൻ തീരുമാനം

തൃശൂർ: തൃശൂർ – കുറ്റിപ്പുറം റോഡ് നിർമ്മാണം വേഗത്തിലാക്കാൻ തീരുമാനം. ഇതിന്‍റെ ഭാഗമായി പൂങ്കുന്നം മുതൽ മുതുവറ വരെയും കേച്ചേരി മുതൽ ചൂണ്ടൽ വരെയുമുള്ള ഭാഗത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇ കെ കെ കൺസ്ട്രക്ഷൻ ഗ്രൂപ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. റീ ബിൽഡ് കേരളയുടെ ഭാഗമായാണ് റോഡ് പുനർ നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കെഎസ്ടിപി വിഭാഗത്തിനാണ് നിർമ്മാണ ചുമതല. തൃശൂർ ജില്ലയിലെ പാറമേക്കാവ് ജംഗ്ഷൻ മുതൽ കല്ലുംപുറം വരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം നിയോജക മണ്ഡലങ്ങളിലൂടെ 33. 243 കിലോമീറ്ററാണ് പാത കടന്നു പോകുന്നത്. വെള്ളം കയറി കൂടുതൽ തകരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റും മറ്റിടങ്ങളിൽ ബിറ്റമിൻ മെക്കാഡം ടാറിങുമാണ് ചെയ്യുക. മുതുവറയിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇളകിയ കട്ടകൾ നീക്കം ചെയ്ത് റോഡ് നവീകരണം ആരംഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി മൂന്ന് ചെറുപാലങ്ങളും 28 കൽവെർട്ടുകളുമാണ് പുനർ നിർമ്മിക്കുക. ഇതോടൊപ്പം 20 കിലോമീറ്റർ കാനകളും 25 കിലോമീറ്റർ ഫുട്പാത്തും 19 ജങ്ഷനുകളിലും ജനവാസ കേന്ദ്രങ്ങളിലും ബസ് ഷട്ടറുകളും നിർമ്മിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കൂടുതൽ റോഡ് തകർന്ന കേച്ചേരി മുതൽ ചൂണ്ടൽ വരെയുള്ള ഭാഗത്തെ വീതി കുറവുള്ള അഞ്ച് കൽവെർട്ടുകൾ പൊളിച്ച് പുതിയവ നിർമ്മിക്കും. ഇതിന്‍റെ ഭാഗമായി ഇരുവശത്തും കരിങ്കൽ കെട്ടി കാനകൾ നിർമ്മിച്ച് കൽവെർട്ടുകളുമായി ബന്ധപ്പെടുത്തും. റോഡ് വികസനത്തിനു തടസ്സമായ പാറന്നൂർ പാടത്തെ മരങ്ങൾ കഴിഞ്ഞദിവസം മുറിച്ചു നീക്കുന്ന പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി കമ്പികൾ മാറ്റുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കം ചെയ്യാൻ കെഎസ്ഇബി അധികൃതരുമായി കരാർ കമ്പനിക്കാർ ധാരണയിൽ എത്തിയിട്ടുണ്ട്. പൂങ്കുന്നം, കേച്ചേരി എന്നിവിടങ്ങളിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വാഹനങ്ങൾ തിരിച്ചു വിട്ടിരിക്കുകയാണ്. തൃശൂരിൽ നിന്നും വരുന്ന സ്വകാര്യ ലിമിറ്റ് സ്റ്റോപ്പ് വാഹനങ്ങൾ കേച്ചേരിയിൽ നിന്നും തിരിഞ്ഞ് അക്കിക്കാവ് ബൈപ്പാസ് പന്നിത്തടം വഴിയാണ് കുന്നംകുളത്ത് എത്തുന്നത്. വാഹനങ്ങൾ തിരിച്ചുവിട്ടത് മൂലം പല സ്ഥലങ്ങളിലും ഗതാഗത തടസ്സമുള്ളതായി ബസ് ജീവനക്കാർ പറഞ്ഞു.