‘എന്നെ വണ്ടിയിലിരുത്തി എല്ലാരും സ്ഥലം കാണാൻ പോയി’; ആറാം ക്ലാസുകാരന്‍റെ പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

ഇടുക്കി: വിനോദയാത്രയ്ക്കിടെ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്ക് ചികിത്സ നൽകുന്നതിൽ അധ്യാപകർ വീഴ്ച വരുത്തിയെന്ന പരാതിയിൽ കൊല്ലം ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. മുഖത്തല എൻഎസ്എസ് യുപി സ്കൂളിലെ ആറാം ക്ലാസുകാരനായ ആരോമലിനാണ് വാഹനമിടിച്ച് കൈയ്ക്ക് പരിക്കേറ്റത്. കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
മുഖത്തല എൻഎസ്എസ് യുപി സ്കൂളിൽ നിന്ന് ഫെബ്രുവരി ഒന്നിനാണ് കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയത്. ബസിന്‍റെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങിപ്പോയ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കൈമുട്ടിൽ മറ്റൊരു വാഹനം ഇടിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും വിദഗ്‌ധ ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയിൽ കൃത്യസമയത്ത് കുട്ടിയെ എത്തിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. ആദ്യം കന്യാകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരികെ വരുമ്പോൾ മറ്റൊരു ആശുപത്രിയിലും രാത്രിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിയും പ്രവേശിപ്പിച്ചു. അപകട വിവരം ഏറെ വൈകിയാണ് അധ്യാപകർ അറിയിച്ചതെന്നും കുടുംബം പറയുന്നു. പ്രാഥമിക ചികിത്സ നൽകി ഒരു അധ്യാപികയെ വാഹനത്തിൽ കൂട്ടിനിരുത്തിയ ശേഷം മറ്റുള്ളവർ വിനോദ യാത്ര തുടർന്നെന്ന് ആരോമൽ പറയുന്നു. ചെലവ് താങ്ങാൻ കഴിയാത്തതിനാലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മാറ്റിയെന്ന് കുടുംബം പറഞ്ഞു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് മൂന്നാം തീയതി ശസ്ത്രക്രിയ നടത്തി.
അതേസമയം മെഡിക്കൽ കോളേജിൽ അധ്യാപകർ വന്നിരുന്നെന്നും ചെലവ് വഹിച്ചെന്നും മാതാപിതാക്കൾ വ്യക്തമാക്കി. എന്നാൽ ചികിത്സ വൈകിയതിന്‍റെ ഉത്തരവാദിത്വം ഇപ്പോഴും അവർ ഏറ്റെടുക്കുന്നില്ലെന്നാണ് പരാതി. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതി പ്രകാരം ജില്ലാ കലക്ടർ ആരോമലിന്‍റെ വീട് സന്ദർശിച്ച് വൈദ്യസഹായം അടക്കം ഉറപ്പുനൽകി. അധ്യാപകർക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുമെന്നും കളക്ടർ പറഞ്ഞു. എന്നാൽ അപകടം നടന്നയുടൻ തന്നെ വേണ്ട ചികിത്സ നൽകിയെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. യാത്ര അവസാനിപ്പിച്ച് ഉടൻ നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തതെന്നും വീട്ടുകാർ പേടിക്കുമെന്ന് കരുതിയാണ് പതിയെ വിവരം അറിയിച്ചതെന്നും അധ്യാപകർ പറയുന്നു.