13 കാരന് ഹോസ്റ്റലില്‍ പീഡനം; പ്രതികൾ പിടിയിൽ, വിവരം മറച്ചുവച്ച വൈസ് പ്രിൻസിപ്പലും അറസ്റ്റിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് അറബിക് കോളെജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. അതേ കോളെജിലെ വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിൻ (22), വിവരം മറച്ചുവെച്ചതിന് അറബിക് കോളെജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരാണ് അറസ്റ്റിലായത്.
കല്ലമ്പലത്തിനു സമീപം പ്രവർത്തിക്കുന്ന അറബിക് കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. ഷെമീർ, മുഹ്സിൻ എന്നിവർ ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവമറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതിരുന്നതാണ് വൈസ് പ്രിൻസിപ്പലായ റഫീഖിന്‍റെ മേൽ ചുമത്തിയിട്ടുള്ള കുറ്റം. കൂടാതെ ഇയാൾ കുട്ടിയെ മർദിച്ചതായും പരാതിയിലുണ്ട്.
ഹോസ്റ്റലിൽനിന്നു വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ കല്ലമ്പലം പൊലീസിൽ പരാതി നല്കി. കുട്ടിയിൽനിന്ന് മൊഴിയെടുത്ത പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.