മരണക്കെണി ഒരുക്കുന്ന മാരക സസ്യങ്ങൾ; ഈ പൂന്തോട്ടത്തിൽ പ്രവേശിക്കാൻ ജീവൻ പണയം വെയ്ക്കണം!

നൂറിലധികം വിഷ സസ്യങ്ങളുടെ ആവാസ കേന്ദ്രമായ ഒരു ഉദ്യാനം ലോകത്തുണ്ടെന്ന കാര്യം അധികമാർക്കും അറിയില്ല. ഇംഗ്ലണ്ടിലെ നോർത്തംബർലാൻഡിലുള്ള ആൽൻവിക്ക് ഗാർഡനിലാണ് വിഷ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. അവിടെ ലഹരിയും മയക്കുമരുന്നും ഉണ്ടാക്കുന്ന സസ്യങ്ങളുമുണ്ട്. ഇവിടേയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. നിങ്ങൾ ഈ സ്ഥലത്ത് എത്തുമ്പോൾ തന്നെ ഗേറ്റിൽ ‘ഈ സസ്യങ്ങൾക്ക് ജീവനെടുക്കാൻ കഴിയും’ എന്ന് എഴുതിയിരിക്കുന്നത് കാണാൻ സാധിക്കും. അത് അപായ മുന്നറിയിപ്പ് നൽകുന്ന എല്ലുകളും തലയോട്ടിയും കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. ഈ മുന്നറിയിപ്പ് കേവലമൊരു തമാശയായി മാത്രം കാണാൻ പാടില്ല. കാരണം ഈ ഗേറ്റിന് പിന്നിൽ അടച്ചിട്ടിരിക്കുന്ന മേഖല ലോകത്തിലെ ഏറ്റവും മാരകമായ ഉദ്യാനമാണ്.
2005ൽ സ്ഥാപിതമായ ഈ ഉദ്യാനത്തിൽ നൂറിലധികം വിഷ സസ്യങ്ങളാണുള്ളത്. ഈ ഉദ്യാനത്തിലേയ്ക്ക് പ്രവേശനം നൽകുന്നതിന് മുമ്പ് അധികൃതർ സുരക്ഷാ നിർദ്ദേശങ്ങൾ നൽകും. സന്ദർശകർക്ക് ഇവയെ തൊടാനോ രുചിക്കാനോ മണക്കാനോ അനുവാദമില്ല. ഉദ്യാനത്തിലൂടെ കടന്നുപോകുന്നതിനിടെ സന്ദർശകരിൽ ചിലർ ബോധരഹിതരാകുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. ഇവിടെയുള്ള ഏറ്റവും മാരകമായ സസ്യങ്ങളിൽ ഒന്നാണ് മോങ്ക്‌ഷുഡ് അഥവാ വുൾഫ്സ് ബെയിൻ. ഇതിൽ അക്കോണിറ്റൈൻ, ന്യൂറോടോക്സിൻ, കാർഡിയോ ടോക്സിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഉദ്യാനത്തിൽ കണ്ടെത്താൻ കഴിയുന്ന ഏറ്റവും വിഷമുള്ള മറ്റൊരു സസ്യമാണ് റിസിൻ. വിഷ വസ്തുവായ റിസിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. കാസ്റ്റർ ബീൻ എന്നും ഇത് അറിയപ്പെടാറുണ്ട്.