രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവിലും എൻ.എസ്.ജി മോക്ക്ഡ്രിൽ

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും ദേശീയ സുരക്ഷാസേനയുടെ (എൻ.എസ്.ജി.) മോക്ക്ഡ്രിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാപരിശീലനം നടന്നത്. ചെന്നൈയിൽനിന്നെത്തിയ സംഘം രണ്ടായി തിരിഞ്ഞാണ് രണ്ടിടത്തും ഒരേസമയം എത്തിയത്. ക്ഷേത്രം ഭാരവാഹികളെ നേരത്തേ അറിയിച്ചിരുന്നെങ്കിലും അസമയത്ത് തോക്കുധാരികളായ കമാൻഡോകളെത്തിയത് ഭക്തർ അമ്പരപ്പോടെയാണ് കണ്ടത്.
ഭീകരവിരുദ്ധസേനയും ചെന്നൈയിൽനിന്നുള്ള എൻ.എസ്.ജി. സംഘവുമാണ് പോലീസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം മോക്ക്ഡ്രില്ലിൽ പങ്കെടുത്തത്. തോക്കും സ്ഫോടകവസ്തുക്കളുമായി ക്ഷേത്രത്തിൽ നുഴഞ്ഞുകയറിയ ഭീകരരെ വധിച്ച്, ബന്ദിയാക്കിയ അസിസ്റ്റന്റ് കളക്ടറെ രക്ഷിക്കുകയെന്ന ’ദൗത്യ’മാണ് ഞൊടിയിടകൊണ്ട് തീർത്തത്. വൈദ്യുതി വിച്ഛേദിച്ച് ക്ഷേത്രവും പരിസരവും ഇരുട്ടിലാക്കിയശേഷമായിരുന്നു പരിശീലനം. ജില്ലാ പോലീസ് മേധാവി (റൂറൽ) അനൂജ് പലിവാൾ, ഡിവൈ.എസ്.പി. പ്രദീപൻ കണ്ണിപ്പൊയിൽ, ഇൻസ്പെക്ടർ ഷാജി പട്ടേരി, ടി.ടി.കെ. ദേവസ്വം ചെയർമാൻ ടി.പി. വിനോദ് തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.
തളിപ്പറമ്പിലെ വ്യവസായി മൊട്ടമ്മൽ രാജൻ രാജരാജേശ്വരക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്ന 14 അടി ഉയരമുള്ള വെങ്കല ശിവശില്പം അനാവരണം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ക്ഷേത്രഭാരവാഹികൾ നേരത്തേ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) സംഘം ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിൽ കൊണ്ടുവന്ന് സ്ഥാപിച്ച ശില്പത്തിന്റെ അവസാന മിനുക്കുപണി നടക്കുകയാണ്.