Uncategorized

രാജ്യത്ത് ആദ്യം; സർക്കാർ ആശുപത്രികളിൽ എ.ഐ സഹായത്തോടെയുള്ള കണ്ണ് പരിശോധന വരുന്നു

കണ്ണൂർ: അന്ധതയിലേക്ക് നയിക്കുന്ന മൂന്ന് രോഗങ്ങളെ തുടക്കത്തിൽ കണ്ടെത്താൻ നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെയുള്ള കണ്ണ് പരിശോധന സർക്കാർ ആസ്പത്രികളിൽ വരുന്നു. ‘നയനാമൃതം-രണ്ട്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രമേഹം കാരണമുണ്ടാകുന്ന റെറ്റിനോപ്പതി, ഗ്ലോക്കോമ, പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന മാക്യുലാർ ഡീജനറേഷൻ എന്നീ രോഗങ്ങളെ കണ്ടെത്താനാണിത്. രാജ്യത്ത് ആദ്യമായാണ് നിർമിതബുദ്ധിയുടെ സഹായത്തോടെ കണ്ണ് സ്ക്രീൻ ചെയ്ത് രോഗം കണ്ടെത്താനുള്ള പദ്ധതി നടപ്പാക്കുന്നത്.

സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ ആസ്പത്രികൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കും. എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഫണ്ടസ് ക്യാമറ ഉപയോഗിച്ച് സ്ക്രീൻ ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. കണ്ണ് പരിശോധനയിൽ രോഗസൂചന ലഭിച്ചാൽ രോഗിയെ നേത്രചികിത്സാവിദഗ്ധന്റെയടുത്തേക്ക് റഫർ ചെയ്യും.

കംപ്യൂട്ടർ ഉപയോഗിച്ചുള്ള കണ്ണ് പരിശോധന പോലെയാണിത്. കൈയിൽവെച്ച് ഉപയോഗിക്കാവുന്ന ചെറിയ ഉപകരണമാണ്. പരിശോധനയ്ക്ക് നിമിഷങ്ങൾ മതി. കൃഷ്ണമണി വികസിപ്പിക്കുന്നത് മരുന്ന് ഒഴിക്കാതെയും ചെയ്യാം. രോഗം തിരിച്ചറിയാൻ ഫലപ്രദമാണ്. പരിശോധിക്കുമ്പോൾ വേദനയുണ്ടാകില്ല.

റിമിഡിയോ എന്ന വൈദ്യശാസ്ത്ര ഉപകരണ നിർമാണ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി സർക്കാർ ‘നയനാമൃതം’ പദ്ധതി ആറുവർഷമായി നടപ്പാക്കുന്നുണ്ട്. ഇതിൽനിന്ന് മുന്നോട്ടുള്ള വലിയ ചുവടുവെപ്പാണിത്. ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകാം എന്നതിനാൽ തുടക്കത്തിൽ കണ്ടെത്തി ചികിത്സിക്കുക എന്നത് വളരെ പ്രധാനമാണ്.

ഗ്ലോക്കോമ: കണ്ണിലെ മർദം അസാധാരണമായി ഉയരുന്നതാണ് രോഗത്തിന് കാരണം. ഗ്ലോക്കോമമൂലമുണ്ടാകുന്ന കാഴ്ചനഷ്ടം വീണ്ടെടുക്കാനാകില്ല. തുടക്കത്തിൽ ചികിത്സിച്ചാൽ കാഴ്ചനഷ്ടം തടയുകയോ മന്ദഗതിയിൽ ആക്കുകയോ ചെയ്യാം. കണ്ണിനുള്ളിലെ ദ്രാവകമായ അക്വസ് ഹ്യൂമർ അടിഞ്ഞുകൂടുന്നതാണ് മർദം കൂടാൻ കാരണം. ഇത് പിന്നീട് ഒപ്റ്റിക് നാഡിയെ ബാധിക്കുന്നു.

റെറ്റിനോപ്പതി: അനിയന്ത്രിതമായ പ്രമേഹം നേത്രാന്തര പടലത്തിലെ ചെറിയ രക്തക്കുഴലുകളെയും നാഡികളെയും ബാധിച്ച് ക്രമേണ സ്ഥായിയായ കാഴ്ചവൈകല്യങ്ങളിലേക്ക് നയിക്കുന്ന അവസ്ഥ.

മാക്യുലാർ ഡീജനറേഷൻ: പ്രായമായവരിൽ നേത്രാന്തരപടലത്തിലെ മാക്യുലയിൽ സംഭവിക്കുന്ന തകരാറ് കാഴ്ചവൈകല്യത്തിന് വഴിയൊരുക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button