Uncategorized

ഇന്‍സ്റ്റാഗ്രാം ജ്യോതിഷിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; ബെംഗളൂരു സ്വദേശിനിക്ക് ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടു

തട്ടിപ്പുകാർ പല വേഷത്തിൽ നമ്മുക്ക് ചുറ്റിനുമുണ്ട്, ജാഗ്രത പാലിക്കണമെന്നുള്ള നിർദ്ദേശങ്ങൾ തുടർച്ചയായി ഉണ്ടാകാറുണ്ടെങ്കിലും ‘ആരെങ്കിലും വന്ന് എന്നെ ഒന്ന് പറ്റിച്ചിട്ട് പോകൂ’ എന്ന് പറഞ്ഞ് നിന്ന് കൊടുക്കുന്ന അവസ്ഥയിലാണ് ചിലർ. കഴിഞ്ഞ കുറച്ച് കാലത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പ് വാർത്തകൾ എണ്ണമില്ലാത്തതാണ്. പക്ഷേ, എന്നിട്ടും സമാനമായ തട്ടിപ്പുകൾ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ദിവസം ബംഗളൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ സമൂഹ മാധ്യമത്തില്‍ ജ്യോതിഷി ചമഞ്ഞ് ഒരാൾ ആറ് ലക്ഷം രൂപയാണ് ഒരു യുവതിയിൽ നിന്നും തട്ടിയെടുത്തത്.

ഇൻസ്റ്റാഗ്രാമിൽ ജ്യോതിഷിയെന്ന് സ്വയം വിശേഷിപ്പിച്ച ഇയാൾ ബെംഗളൂരുവിൽ നിന്നുള്ള ഇരുപത്തിനാലുകാരിയായ യുവതിയെയാണ് തന്ത്രപൂർവ്വം വലയിലാക്കിയത്. യുവതിയുടെ ഭാവിയിൽ നടക്കാൻ പോകുന്ന പ്രണയ വിവാഹത്തിലെ പ്രശ്നങ്ങൾ ചില പൂജകളിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാൾ ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ആദ്യം ചെറിയ തുകയിൽ തുടങ്ങിയ തട്ടിപ്പ് പിന്നീട് ലക്ഷങ്ങളിൽ അവസാനിക്കുകയായിരുന്നു. വിജയകുമാർ എന്നാണ് ജ്യോതിഷി സ്വയം പരിചയപ്പെടുത്തിയത്.

ഇലക്ട്രോണിക്സ് സിറ്റിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജനുവരിയിലാണ് വ്യാജ ജ്യോതിഷിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പരിചയപ്പെടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പ്രൊഫൈലിൽ ജ്യോതിഷ സേവനങ്ങൾ നൽകുന്നുവെന്ന് അവകാശപ്പെടുകയും ഒരു അഘോരി ബാബയുടെ ചിത്രം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇൻസ്റ്റാ പ്രൊഫൈലിലെ വാഗ്ദാനങ്ങളിൽ ആകൃഷ്ടയായി, യുവതി അക്കൗണ്ടിലേക്ക് സന്ദേശമയച്ചു, വിജയ് കുമാർ ഉടൻ തന്നെ മറുപടി നൽകി. തുടർന്ന് ജാതകം പരിശോധിക്കാൻ യുവതിയുടെ പേരും ജനനത്തീയതിയും ആവശ്യപ്പെട്ടു.

ജാതകം പരിശോധിച്ചപ്പോൾ യുവതിയുടേത് ഒരു പ്രണയ വിവാഹം ആയിരിക്കുമെന്നും അതിൽ ധാരാളം പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും ഇയാൾയ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ, ചില പൂജകളിലൂടെ തനിക്ക് അത് പരിഹരിച്ചു തരാൻ കഴിയുമെന്നും ഇയാൾ അവകാശപ്പെട്ടു. പ്രാരംഭ പൂജയ്ക്ക് 1,820 രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. അത് ന്യായമാണെന്ന് കരുതിയ യുവതി ഡിജിറ്റൽ പെയ്മെന്‍റ് വഴി പണം കൈമാറി. എന്നാൽ, ജ്യോതിഷിയുടെ ആവശ്യങ്ങൾ അവിടെ അവസാനിച്ചില്ല.

അയാൾ യുവതിയുടെ ജാതകത്തിൽ പുതിയ പുതിയ പ്രശ്നങ്ങൾ കണ്ടെത്തിക്കൊണ്ടേയിരുന്നു. ഒപ്പം പ്രശ്ന പരിഹാരത്തിന് പൂജകൾ തുടർന്നു കൊണ്ടേയിരുന്നു. അങ്ങനെ പൂജകൾക്കായി ഇയാൾ യുവതിയിൽ നിന്നും തട്ടിയെടുത്തത് 5.9 ലക്ഷം രൂപയാണ്. ഒടുവിൽ താൻ വഞ്ചിപ്പെടുകയാണെന്ന് മനസ്സിലായി. ഇതോടെ യുവതി പണം തിരികെ നൽകണമെന്നും ഇല്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും വ്യാജ ജ്യോതിഷിയോട് പറഞ്ഞു. അങ്ങനെ 13,000 രൂപ ഇയാൾ തിരികെ നൽകി. ഒപ്പം ബാക്കി തുക ആവശ്യപ്പെട്ടാൽ താൻ ജീവൻ അവസാനിപ്പിക്കുമെന്ന് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി.

അധികം വൈകാതെ പ്രശാന്ത് എന്ന് പരിചയപ്പെടുത്തിയ ഒരു വ്യക്തി അഭിഭാഷകനെന്ന വ്യാജേന യുവതിയെ വിളിച്ചു. തുടർന്ന് കൂടുതൽ പണം ആവശ്യപ്പെട്ട് കൊണ്ട് യുവതിയെ നിരന്തരമായി ഭീഷണിപ്പെടുത്തി. ശല്യം സഹിക്കവയ്യാതായ യുവതി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ തട്ടിപ്പ് പുറത്തുവരികയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ബിഎൻഎസ് സെക്ഷൻ 318 പ്രകാരം വിജയ് കുമാറിനും ഇയാളുടെ കൂട്ടാളികൾക്കും എതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button