നാട്ടുകാർ സിസിടിവി പരിശോധിച്ചു, ദൃശ്യങ്ങളിൽ കണ്ടത് ടാങ്കർ വന്നു പോയത്! ശുചിമുറി മാലിന്യം തള്ളിയതിനെതിരെ പരാതി

കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിലേക്കുള്‍പ്പെടെ മഴ വെള്ളം ഒഴുകിയെത്തുന്ന ഡ്രൈനേജിലേക്ക് കക്കൂസ് മാലിന്യം തള്ളി. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടത്ത് കറുത്തപറമ്പിലെ റോഡരികിലുള്ള ഡ്രൈനേജിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. ഇതിന്റെ സി സി ടി വി ദൃശ്യം നാട്ടുകാര്‍ പറത്തുവിട്ടു. ടാങ്കറില്‍ എത്തിച്ച് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇരുവഴിഞ്ഞി പുഴയിലേക്കും മറ്റ് കുടിവെള്ള പദ്ധതികളുടെ ഭാഗമായ ജലസ്രോതസ്സുകളിലേക്കും ഈ ഡ്രൈനേജിലൂടെ ഒഴുകിയെത്തുന്ന വെള്ളം ആണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ സമാന രീതിയില്‍ വലിയ ടാങ്കര്‍ ലോറിയില്‍ എത്തിച്ച് കക്കൂസ് മാലിന്യം തള്ളുന്നത് നാട്ടുകാര്‍ പിടികൂടുകയും സംഘത്തെ മുക്കം പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. കാരശ്ശേരി പഞ്ചായത്ത് ഇവര്‍ക്ക് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഡ്രൈനേജ് സ്ലാബിട്ട് മൂടണമെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.