വില്‍പന 50000-60000 രൂപയ്ക്ക്, രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ്;കര്‍ണാടകയില്‍ നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ പലയിടത്തുനിന്നായി 10 നാടന്‍ തോക്കുകളും 24 ബുള്ളറ്റുകളും പൊലീസ് പിടിച്ചെടുത്തു. തോക്കുകള്‍ കയ്യില്‍ വെക്കുകയും വിതരണം ചെയ്യുകയും ചെയ്ത പത്തു പേരെ പല സ്റ്റേഷന്‍ പരിധിയില്‍ നിന്നായി അറസ്റ്റ് ചെയ്തതിട്ടുണ്ട്. സതീഷ് രത്തോട് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയിലാണ് പൊലീസിന് രഹസ്യ വിവരം ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് അനധികൃതമായി കൈവശം വെച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തത്.
സതീഷ് രാത്തോട് കൊലപാതക കേസിലെ പ്രതിയായ സാഗര്‍ താന്‍ നാടന്‍ തോക്കുകള്‍ വിതരണം ചെയ്യാറുണ്ടെന്നും കേസിലെ പ്രധാനപ്രതിയായ രമേശ് ഗേമു ലമണി എന്നയാള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലായി പൊലീസ് നടത്തിയ റെയ്ഡിലാണ് അനധികൃതമായി കൈവശം വെച്ച തോക്കുകളും ബുള്ളറ്റും കണ്ടെത്തുന്നത്. 50,000 മുതല്‍ 60,000 രൂപയ്ക്കാണ് തോക്കുകള്‍ വിറ്റിരുന്നതെന്ന് വിജയപുര പൊലീസ് സൂപ്രണ്ട് പറഞ്ഞു.