ആറളത്തെ ആദിവാസിഭൂമി സ്വകാര്യ സംരഭകർക്ക് പാട്ടത്തിന് നൽകിയ നടപടി റദ്ദാക്കും; മന്ത്രി
ഇരിട്ടി: ആറളം ഫാമിലെ ആദിവാസി ഭൂമി സ്വകാര്യ സംരംഭകർക്ക് ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകിയ നടപടി റദ്ദാക്കുമെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു. ഭൂമി സ്വകാര്യ സംരംഭകർക്ക് പാട്ടത്തിനു നൽകിയ നടപടി റദ്ദാക്കണമെന്നും ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്നും ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതിയുടെ
നേതൃത്വത്തിൽ ആറളം ഫാമിൽ നടത്തുന്ന കുടിൽകെട്ടി സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫാമിലെ 655 ഏക്കർ ഭൂമി പങ്കാളിത്ത കൃഷിക്കായി വ്യക്തികൾക്ക് 10 വർഷം മുതൽ 30 വർഷം വരെ പാട്ടത്തിന് കൊടുക്കാൻ തീരുമാനിച്ച നടപടി പട്ടികവർഗ വികസന വകുപ്പിന്റെയോ സർക്കാരിൻ്റെയോ അനുമതിയില്ലാതെയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും റദ്ദാക്കി ഫാമിലെ സർക്കാർ ഭൂമി സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഫാമിൽ കുറ്റമറ്റ മാനേജ്‌മെന്റ്റ് സംവിധാനം ഉറപ്പുവരുത്താൻ ആവശ്യമായ സർക്കാർതല നടപടി ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആറളം ഫാമിലെ ഭൂമി സർക്കാരിൻ്റെ അധീനതയിൽ തന്നെ നിലനിർത്തി പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്ക് തൊഴിൽ ലഭിക്കുന്നതുൾപ്പെടെയുള്ള കൃഷിരീതികൾ നടപ്പാക്കുന്നതടക്കം യോഗത്തിൽ ഉന്നയിച്ചതായി ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ. മോഹനൻ പറഞ്ഞു. പാട്ടത്തിന് നൽകിയ നടപടി റദ്ദാക്കുന്നതിന് നടപടിയെടുക്കാൻ വകുപ്പ് മേധാവികൾക്ക് മന്ത്രി നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ആറളം കൃഷി ഫാമിലെ തുടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കൃഷിവകുപ്പിന്റെ കൂടി സഹകരണത്തോടെ ഫാമിലെ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം ആറളം ഫാമിൽ വിളിച്ചു ചേർക്കും എന്നും മന്ത്രി അറിയിച്ചു.
പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ശിവകുമാർ, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ. മോഹനൻ, സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റിയംഗം കെ.കെ ജനാർദ്ദനൻ എന്നിവരും പങ്കെടുത്തു.




