Uncategorized

ചേരാനല്ലൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച സംഭവം, എഫ്ഐആർ രജിസ്ടർ ചെയ്ത് അന്വേഷണം

കൊച്ചി: ചേരാനല്ലൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കഴിഞ്ഞ പതിനഞ്ചാം തീയയി ഉച്ചക്ക് 12.10നാണ് കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ചേരാനല്ലൂർ കൈരളി ഫോർഡ് കാർ ഷോറൂമിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തതായി കെഎസ്ആർടിസി അറിയിച്ചു.

കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ള കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്യലും സർവീസ് തടസ്സപ്പെടുത്തലും ഗുരുതരമായ കുറ്റമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. യാത്രക്കാരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമൊപ്പം ജീവനക്കാരുടെ സംരക്ഷണവും സുരക്ഷയും കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ചകളും കുറ്റങ്ങളും പരിശോധിച്ച് നടപടിയെടുക്കുന്നതിന് കെഎസ്ആർടിസിക്ക് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ നിലവിലുണ്ട്.

ജീവനക്കാരുടെ ഭാഗത്തുനിന്നും ഏതു തരത്തിലുള്ള വീഴ്ചകൾ ഉണ്ടായാലും അവ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ചൂണ്ടിക്കാണിക്കുന്നതിനും പരാതിപ്പെടുന്നതിനും പരാതി പരിഹാര ഫോൺ നമ്പറുകളും ഇ- മെയിൽ സംവിധാനവും കുറ്റകൃത്യങ്ങളുടെ വീഡിയോ ഷൂട്ട് ചെയ്ത് അയക്കുന്നതിനുള്ള വാട്സ്ആപ്പ് നമ്പറും ഉൾപ്പെടെ കെഎസ്ആർടിസി ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാരായ ജീവനക്കാർക്കെതിരെ മാതൃകാപരമായ നടപടി കെഎസ്ആർടിസി സ്വീകരിക്കുന്നുമുണ്ട്.

ഇത്തരം സൗകര്യങ്ങൾ നിലവിലുണ്ടെങ്കിലും പല ഭാഗങ്ങളിൽ നിന്നും നിയമം കയ്യിലെടുത്ത് ജീവനക്കാരെ ആക്രമിക്കുന്നതും സർവീസ് തടസ്സപ്പെടുത്തുന്നതും തുടരുന്നുണ്ട്. ഇത് ദൗർഭാഗ്യകരമാണ്. ഇത്തരക്കാർക്ക് എതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button