റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാന്‍ കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ആർപിഎഫ് ഉദ്യോഗസ്ഥയായ അമ്മ

ഭൂമിയിലെ ഏറ്റവും വലിയ പോരാളി അമ്മയാണെന്നാണ് പറയാറ്. പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടാറുമുണ്ട്. എന്നാൽ, അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന തന്‍റെ കൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന ഒരു ആർപിഎസ്എഫ് ഉദ്യോഗസ്ഥയാണ് ഈ വീഡിയോയിലുള്ളത്. ബേബി ക്യാരിയർ ബാഗിൽ തന്‍റെ കുഞ്ഞിനെ സുരക്ഷിതമായി നെഞ്ചോട് ചേർത്ത് പിടിച്ച് ദില്ലി റെയിൽവേ സ്റ്റേഷനിലെ ഒരു തിരക്കേറിയ പ്ലാറ്റ്ഫോമിലൂടെ പെട്രോളിങ് നടത്തുന്ന ഇവരുടെ ദൃശ്യങ്ങൾ ഏറെ ഹൃദയസ്പർശിയാണ്.
ആർപിഎഫിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ യുവതി ഒരു കൈയിൽ ബാറ്റണുമായി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും ആ സമയം അവരുടെ നെഞ്ചോട് ചേർന്ന് കിടന്ന് ഒരു കുഞ്ഞ് ശാന്തമായി ഉറങ്ങുന്നതും കാണാം. വീഡിയോയ്ക്ക് ഒപ്പം ചേർത്തിട്ടുള്ള കുറിപ്പ് പ്രകാരം 16BN/RPSF-ൽ നിന്നുള്ള കോൺസ്റ്റബിൾ റീനയാണ് ഈ ഉദ്യോഗസ്ഥ. ‘അവൾ സേവിക്കുന്നു വളർത്തുന്നു എല്ലാം ചെയ്യുന്നു. ഒരു അമ്മ, ഒരു യോദ്ധാവ്, തലയുയർത്തി നിൽക്കുന്നു…’ എന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ ഈ അമ്മയെ അഭിനന്ദിച്ച് കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലുള്ള ആളുകൾ കൗതുകത്തോടെ റീനയെ നോക്കുന്നതും വീഡിയോയിൽ കാണാം.
ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാൻ ഇടയായ സംഭവത്തെ തുടർന്നാണ് അവധിയിലായിരുന്ന കോൺസ്റ്റബിൾ റീനയോട് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതെന്ന് ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. റീനയുടെ ഭർത്താവ് സിആർപിഎഫ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹം ജമ്മു കാശ്മീരിലാണ് ജോലി ചെയ്യുന്നത്. മാത്രമല്ല വീട്ടിൽ കുട്ടിയെ നോക്കാൻ ആരുമില്ല. അതിനാലാണ് അടിയന്തരഘട്ടത്തിൽ കുഞ്ഞുമായി ഇവർ ജോലിക്ക് എത്തിയത്. കുഞ്ഞിനെ സുരക്ഷിതമായി പരിചരിക്കാൻ ഒരു സഹായിയെ തേടുകയാണ് ഇപ്പോൾ റീന. കുഞ്ഞിന് ആവശ്യമായുള്ള ഭക്ഷണം, നാപ്കിനുകൾ, വസ്ത്രം, ടവ്വൽ എന്നിങ്ങനെ എല്ലാ സാധനങ്ങളുമായാണ് റീന ഇപ്പോൾ ജോലിക്ക് എത്തുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.