‘റെയ്ഡിനിടെ നവരത്ന മോതിരം കവർന്നു’; ഗ്രേഡ് എഎസ്ഐ ഷെഫീര്‍ ബാബുവിനെതിരെ മുൻപും പരാതി

തൃശൂര്‍: ഇഡി ചമഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ഷെഫീര്‍ ബാബു മുമ്പും തട്ടിപ്പ് നടത്തിയതായി പരാതി. ചാഴൂരില്‍ അടിപിടി കേസില്‍ പെട്ടയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി 18 ഗ്രാം നവരത്‌ന മോതിരം കവര്‍ച്ച ചെയ്തതായാണ് ഇയാള്‍ക്കെതിരെ കേസുള്ളത്. ജുഡീഷ്യല്‍ സെക്കന്‍റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് കേസ്. കഴിഞ്ഞ 10 ന് കോടതി പരിഗണിച്ച കേസ് മാര്‍ച്ച് 26 ലേയ്ക്ക് വച്ചിട്ടുണ്ട്.
കര്‍ണാടക സ്പീക്കറുടെ ബന്ധുവീട്ടില്‍ ഇ.ഡി.ചമഞ്ഞാണ് റെയ്ഡ് നടത്തിയതെങ്കില്‍ ചാഴൂരിലെ വീട്ടില്‍ പൊലീസ് സംഘമായി എത്തിയാണ് റെയ്ഡ് നടത്തിയത്. കര്‍ണാടക റെയ്ഡില്‍ മൂന്ന് കോടി തട്ടിയെടുത്തതായാണ്.കേസ്. എന്നാല്‍ ചാഴൂരില്‍ നിന്ന് മോതിരം കവര്‍ന്നുവെന്നാണ് പരാതി. 2016 ഫെബ്രുവരിയില്‍ ചാഴൂരില്‍ ആക്രമണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശ്രീജിത്ത് എന്നയാളുടെ വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പൊലീസ് ഡ്രൈവറായിരുന്ന ഷെഫീര്‍ ബാബു അലമാര ചവിട്ടിപ്പൊളിച്ച് നവരത്‌ന മോതിരം കവര്‍ച്ച നടത്തിയെന്ന് ശ്രീജിത്തിന്റെ ഭാര്യ ബകുള്‍ ഗീത് ആണ് പരാതി നല്‍കിയത്.
റെയ്ഡ് നടക്കുമ്പോള്‍ ശ്രീജിത്തും ബകുള്‍ ഗീതും വീട്ടിലുണ്ടായിരുന്നില്ല. റെയ്ഡിനുള്ള നോട്ടീസ് കാണിക്കാതെ ശ്രീജിത്തിന്റെ അമ്മ മാത്രമുള്ള സമയത്താണ് അകത്ത് കയറി പോലീസ് സംഘം പരിശോധന നടത്തിയത്. മാസങ്ങള്‍ക്ക് ശേഷം ബകുള്‍ ഗീതും ശ്രീജിത്തും വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ടതായി അറിഞ്ഞ് പരാതി നല്‍കിയത്.
തൃശൂര്‍ റൂറല്‍ എസ്.പിക്കും മുഖ്യമന്ത്രി ക്കും പോലീസ് കംപ്ലൈന്റ് അതോറിറ്റിക്കും ബകുള്‍ ഗീത് പരാതി നല്‍കിയിരുന്നു. അലമാര പൊളിച്ചിട്ടുണ്ടെന്നും ആഭരണം നഷ്ടപ്പെട്ടതായും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി ബകുള്‍ ഗീത് പറഞ്ഞു. എന്നാല്‍ മോഷണം നടത്തിയത് ആരാണെന്ന് തെളിഞ്ഞില്ല. തുടര്‍ന്ന് ഷെഫീര്‍ ബാബുവിനെതിരെ ബകുള്‍ ഗീത് കോടതിയെ സമീപിക്കുകയായിരുന്നു.